20 April Saturday
ആദിവാസി കുട്ടികൾക്ക് ഉന്നത പഠനം

നിലമ്പൂർ കേന്ദ്രമായി പോസ്റ്റ്മെട്രിക് ഹോസ്റ്റൽ സ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
 
എടക്കര 
ആദിവാസി കുട്ടികൾക്ക് ഉന്നത പഠനം ഉറപ്പുവരുത്താൻ ജില്ലയിൽ നിലമ്പൂർ കേന്ദ്രമായി പോസ്റ്റ്മെട്രിക് ഹോസ്റ്റൽ സ്ഥാപിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി  ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി കുട്ടികൾക്ക് പഠിക്കാൻ 10 പ്രീമെട്രിക് ഹോസ്റ്റലുകൾ ജില്ലയിലുണ്ട്. എന്നാൽ പ്ലസ് വൺ മുതൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പോലുമില്ല. ഓരോ വർഷവും എസ്എസ്എൽസി, പ്ലസ് ടു വിജയിക്കുന്ന പട്ടികവർഗ വിഭാഗം കുട്ടികളുടെ എണ്ണം ജില്ലയിൽ വർധിച്ച് വരുന്നത് പരിഗണിച്ച്  പോസ്റ്റ്മെട്രിക് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കണം. പ്ലസ്ടു സ്കൂളുകൾക്കുപുറമെ നിലമ്പൂർ ഗവ. കോളേജ്, മമ്പാട് കോളേജ്, ചുങ്കത്തറ മാർത്തോമ കോളേജ്, പാലേമാട് വിവേകാനന്ദ കോളേജ്, നിലമ്പൂർ കോ –-ഓപറേറ്റീവ് കോളേജ്, നിലമ്പൂർ ഐടിഐ എന്നിവയിൽ ധാരാളം എസ്ടി കുട്ടികൾ പഠിക്കുന്നുണ്ട്. ഇവർക്ക് നിലമ്പൂർ കേന്ദ്രമായി ഹോസ്റ്റൽ സൗകര്യം ഉറപ്പുവരുത്തണം. പോസ്റ്റ്മെട്രിക് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ നിരവധി കുട്ടികൾ പത്താം തരം കഴിഞ്ഞാൽ പഠനം നിർത്തുകയാണ്. 
      നിലമ്പൂർ കേന്ദ്രമായി പട്ടികവർഗ വകുപ്പിന്റെ കൈവശമുള്ള സ്ഥലമോ, സ്വകാര്യ വ്യക്തികളിൽനിന്ന് സ്ഥലം വാങ്ങിയോ ഹോസ്റ്റൽ സൗകര്യം ഒരുക്കണം. ആദിവാസി ജനവിഭാഗം ഏറ്റവും കൂടുതലുള്ള നിലമ്പൂർ കേന്ദ്രമായി സ്ഥലം ഏറ്റെടുക്കാൻ നടപടി പുരോഗമിക്കവേ തിരൂരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ച ഐടിഡിപി ഉദ്യോഗസ്ഥ നിലപാട് തിരുത്തണം. 
      നിലമ്പൂർ കേന്ദ്രമായി പോസ്റ്റ്മെട്രിക് ഹോസ്റ്റൽ സ്ഥാപിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്ന ആദിവാസി കുട്ടികളുടെ പഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേമ സമിതി ജില്ലാ കമ്മിറ്റി  മന്ത്രിക്ക് നിവേദനം നൽകി. യോഗത്തിൽ ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി കെ സി ശിവദാസൻ, ജില്ലാ പ്രസിഡന്റ് വിനുമോൻ, എകെഎസ് ജില്ലാ കോ- –-ഓർഡിനേറ്റർ വി കെ ഷാനവാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top