20 April Saturday

റസാഖ്‌ സ്‌മരണകളിൽ "രാപ്പകൽ'

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ടി എ റസാഖ് അനുസ്മരണത്തിന്റെ ഭാഗമായി തുറക്കലിൽ നടന്ന സെമിനാർ നടൻ മാമുക്കോയ ഉദ്ഘാടനംചെയ്യുന്നു

ടി എ റസാഖ് അനുസ്മരണ പരിപാടിക്ക്‌ തുടക്കം

കൊണ്ടോട്ടി
ചലച്ചിത്രകാരൻ ടി എ റസാഖിന്റെ സ്‌മരണയിൽ ജന്മഗ്രാമമായ കൊണ്ടോട്ടിയിലെ തുറക്കലിൽ അരങ്ങ്‌ ഒരുക്കുന്ന "രാപ്പകൽ' വാദ്യ നൃത്ത സംഗീത സംഗമത്തിന് തുടക്കം.  "ദേശം റസാഖിന്റെ സിനിമകളിൽ' സെമിനാറോടെയാണ് രണ്ട് ദിവസത്തെ അനുസ്മരണ പരിപാടി ആരംഭിച്ചത്‌.
സെമിനാർ ചലച്ചിത്ര നടൻ മാമുക്കോയ ഉദ്ഘാടനംചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ പ്രമോദ്‌ദാസ് അധ്യക്ഷനായി. സംവിധായകൻ കമൽ, സിപിഐ  എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം കെ പി സന്തോഷ്, നഗരസഭാ കൗൺസിലർമാരായ അഷ്റഫ് മടാൻ, കെ പി നിമിഷ എന്നിവർ സംസാരിച്ചു. എ പി അഹമ്മദ് സ്വാഗതം പറഞ്ഞു. പനയംപറമ്പ് ഗാലക്സി ഹാളിലാണ് അനുസ്മരണ പരിപാടികൾ നടന്നത്. പോസ്റ്റർ, ഡോക്യുമെന്ററി, ഹ്രസ്വചിത്രം, കൊണ്ടോട്ടി സൂഫി ഫെസ്റ്റിൽ ബിജു ഇബ്രാഹീം നടത്തിയ ഫോട്ടോ ഷൂട്ട്‌ എന്നിവയുടെ പ്രദർശനം നടന്നു. നൃത്തം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയും അരങ്ങേറി. തുടർന്ന്  ടി എ റസാഖിന്റെ കാണാക്കിനാവ്, പെരുമഴക്കാലം എന്നീ സിനിമകൾ  പ്രദർശിപ്പിച്ചു. ഞായർ രാവിലെ തുറക്കൽ രാമൻകുട്ടിയുടെ വീട്ടുപരിസരത്ത് നടക്കുന്ന ചെണ്ടവാദ്യത്തോടെ രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിക്കും. മുട്ടും വിളിയുമായി അരങ്ങിന്റെ ഘോഷയാത്ര  നടക്കും. തുറക്കൽ ജിഎൽപി സ്കൂളിലാണ് പരിപാടി. വൈകിട്ട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. രാത്രി  ഏഴിന്‌ മോയിൻകുട്ടി വൈദ്യരുടെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ കാവ്യത്തെ മുൻനിർത്തി സൈല സലീഷും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പ്പവും തുടർന്ന്  നിമിഷ സലീമിന്റെ സംഗീതനിശയും അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top