26 April Friday

കാടാമ്പുഴ ഡയാലിസിസ് കേന്ദ്രം ട്രയല്‍ റണ്‍ 31ന്‌

സ്വന്തം ലേഖികUpdated: Sunday Jan 29, 2023
 
കാടാമ്പുഴ 
കാടാമ്പുഴ ക്ഷേത്രത്തിനുകീഴിൽ 15 കോടിരൂപ മുതൽമുടക്കിൽ ആരംഭിച്ച ഡയാലിസിസ് കേന്ദ്രത്തിന്റെ  പ്രാഥമിക പ്രവർത്തനം 31ന് ആരംഭിക്കും. രജിസ്റ്റർചെയ്‌ത വൃക്കരോഗികളുടെ ആവശ്യത്തെ തുടർന്നാണ്‌ നടപടി. കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർവഹിക്കും. 
നിർധനരായ വൃക്കരോഗികൾക്ക്‌ സൗജന്യ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കാടാമ്പുഴ ദേവസ്വം സൗജന്യ ഡയാലിസിസ്‌ കേന്ദ്രം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ നിർധന വൃക്കരോഗികൾക്ക്‌ സൗജന്യ ഡയാലിസിസ്‌ ചികിത്സ ലഭ്യമാക്കും. ദിവസം 100 പേർക്ക് ഡയാലിസിസ് നൽകാൻ കഴിയുന്ന രീതിയിൽ നാല്‌ ഷിഫ്റ്റാണ്‌ പ്രവർത്തിക്കുക. അതിനായി 25 ഡയാലിസിസ്‌ മെഷീൻ സ്ഥാപിക്കും. നിലവിൽ 10 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്‌. 15 മെഷീനുകൾ ഉടൻ സജ്ജമാക്കും. രണ്ടാംഘട്ടത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനം സൗജന്യമായി ഡയാലിസിസ്‌ കേന്ദ്രത്തിൽ നടപ്പാക്കും. ദേവസ്വത്തിനുകീഴിലുള്ള ധർമാശുപത്രിയിലൂടെ 1988 മുതൽ എല്ലാവർക്കും സൗജന്യ വൈദ്യസഹായം നൽകുന്നുണ്ട്‌. ഈ സേവനം വിപുലപ്പെടുത്തിയാണ്‌ ഡയാലിസിസ്‌ കേന്ദ്രം. സമീപപ്രദേശങ്ങളിൽ നടത്തിയ സർവേയിൽ മുന്നൂറോളം വൃക്കരോഗികളുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ തീരുമാനം. 
വൃക്കയുടെ മാതൃകയിലുള്ള കെട്ടിടമാണ്‌ ഡയാലിസിസ്‌ കേന്ദ്രത്തിനായി പൂർത്തിയാക്കിയിരിക്കുന്നത്‌. അത്യാധുനിക സൗകര്യങ്ങളുള്ള മിനി ഐസിയു, ലബോറട്ടറി, സ്‌കാനിങ്, വാട്ടർ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, സോളാർ എനർജി സിസ്റ്റം, കൂട്ടിരിപ്പുകാർക്കുള്ള റീഡിങ് റൂം, പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. ഡയാലിസിസ്‌ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ശ്രീസത്യസായ്‌ ഓർഫനേജ്‌ ട്രസ്റ്റ്‌, കോട്ടക്കൽ ആസ്റ്റർ മിംസ്‌, ശോഭ ഗ്രൂപ്പ്‌ ഉൾപ്പെടെയുള്ളവരും ക്ഷേത്രത്തിലെത്തുന്ന ഭക്തരും മികച്ച പിന്തുണയാണ്‌ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top