13 July Sunday
ദേശീയപാത 6 വരി

ആദ്യ പ്രവൃത്തി 
20 കിലോമീറ്ററിൽ

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022

തുടക്കം കലിക്കറ്റ്‌ സർവകലാശാല–തലപ്പാറ, 
കുറ്റിപ്പുറം പാലം–ചമ്രവട്ടം പാലം റീച്ചുകളിൽ

 
മലപ്പുറം
ജില്ലയിൽ ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ആദ്യ പ്രവൃത്തി 20 കിലോമീറ്ററിൽ. രാമനാട്ടുകര–വളാഞ്ചേരി റീച്ചിൽ കലിക്കറ്റ്‌ സർവകലാശാലമുതൽ തലപ്പാറ വരെയും വളാഞ്ചേരി–-കാപ്പിരിക്കാട്‌ റീച്ചിൽ കുറ്റിപ്പുറം പാലംമുതൽ ചമ്രവട്ടം പാലംവരെയുമാണിത്‌. രണ്ട്‌ റീച്ചിലും 10 കിലോമീറ്ററിലാണ്‌ പണി. 74 കിലോമീറ്ററാണ്‌ ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്ന ദൂരം. 
 

കെട്ടിടം എൻഎച്ച്‌ 
അതോറിറ്റി പൊളിക്കും

പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമകൾക്ക്‌ അനുവദിച്ച സമയം അവസാനിക്കുന്നു. കെട്ടിടങ്ങൾക്ക്‌ വലിയ നഷ്ടപരിഹാരം‌ നൽകിയതിനൊപ്പം അത്‌ പൊളിച്ചുനീക്കാൻ ഉടമകൾക്ക്‌ അനുവാദം കൊടുത്തിരുന്നു. 
ഇനിയും പൊളിക്കാത്ത കെട്ടിടങ്ങൾ ഫെബ്രുവരി ഒന്നുമുതൽ ദേശീയപാത അതോറിറ്റി നേരിട്ട്‌ പൊളിക്കും. അവിടം നിരപ്പാക്കും. നിർമാണം ആരംഭിക്കുന്ന സ്ഥലത്തെ ഗതാഗതസൗകര്യം പരിഗണിച്ചാവും പ്രധാന റോഡാണോ അപ്രോച്ച്‌ റോഡാണോ ആദ്യം വേണ്ടത്‌ എന്ന്‌ തീരുമാനിക്കുക. 
 

മരംവെട്ടൽ 
35 ശതമാനം

ഏറ്റെടുത്ത ഭൂമിയിലെ മരം വെട്ടിമാറ്റൽ പുരോഗമിക്കുന്നു. മുപ്പത്തിയഞ്ച്‌ ശതമാനം മരംമുറി പൂർത്തിയായി. ഭൂമി വിട്ടുനൽകിയ 80 ശതമാനം പേർക്കും നഷ്ടപരിഹാരം കൈമാറി. രേഖകൾ ഹാജരാക്കാത്തവർ, അവകാശത്തർക്കം, കേസ്‌ നിലനിൽക്കുന്ന ഭൂമി എന്നിവയാണ്‌ ബാക്കി. രേഖകൾ നൽകിയാൽ ഉടൻ ഇവർക്കും നഷ്ടപരിഹാരം ലഭ്യമാകും.
 

ഉദ്യോഗസ്ഥർക്ക്‌ 
അനുമോദനം

ദേശീയപാത 66നുവേണ്ടി ജില്ലയിൽ 203 ഹെക്ടർ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കാൻ നേതൃത്വം നൽകിയ ലൈസൺ ഓഫീസർ പി പി എം അഷ്റഫ്, സർവേയർ പി ഗോപാലകൃഷ്ണൻ എന്നിവരെ നാഷണൽ ഹൈവേ അതോറിറ്റി ആദരിച്ചു. നാഷണൽ ഹൈവേ അതോറിറ്റി കൊച്ചി പ്രൊജക്ട് ഓഫീസിലെ ചടങ്ങിൽ ജനറൽ മാനേജർ (ടി) ആൻഡ്‌ പ്രോജക്ട് ഡയറക്ടർ ജെ ബാലചന്ദർ  ഉപഹാരം നൽകി. മാനേജർ (ടെക്നിക്കൽ) ദേവപ്രസാദ് സാഹൂ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top