28 March Thursday

അറിവിൻ ആകാശത്ത്‌ ഉത്സവമേളം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
അറിവിന്റെ ആകാശത്ത്‌ ഒരിക്കൽക്കൂടി വിജ്ഞാന ശലഭങ്ങൾ പാറിപ്പറന്നു. ഒരുമയുടെ ഉത്സവമായി സ്‌റ്റെയ്‌പ്‌ –- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാമത്സരം.  മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുചിന്തകളും പാഠങ്ങളുമായി ആഹ്ലാദത്തിന്റെ പകൽ. 
ചോദ്യമവസാനിക്കുംമുമ്പേ ഉത്തരമെഴുതാൻ മിടുക്കൻമാർ തിടുക്കംകൂട്ടി. ശരിയുത്തരം കിട്ടുമ്പോൾ തുള്ളിച്ചാടി, തെറ്റിപ്പോയവർ തലയിൽ കൈവച്ചു. ബോർഡിലെ സ്‌കോർഷീറ്റ്‌ നോക്കി മത്സരത്തിന്റെ മൂർച്ച കൂട്ടി. 
എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഉപജില്ലാ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ്‌ ജില്ലാ മത്സരത്തിനെത്തിയത്‌. കഥ, കവിത മത്സരങ്ങളും രക്ഷിതാക്കൾക്ക്‌ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.  
സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നജാഹ്‌ അരീക്കോട്‌ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘വർണങ്ങൾ’ കെ ടി ജലീലിന്‌ സമ്മാനിച്ചു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ വി പി അനിൽ, നഗരസഭാ കൗൺസിലർ ജയശ്രീ രാജീവ്‌ എന്നിവർ പങ്കെടുത്തു.  
ഡയറ്റ്‌ സീനിയർ ലക്‌ചറർ എം പി നാരായണനുണ്ണി രക്ഷിതാക്കൾക്ക്‌ ക്ലാസെടുത്തു. മാർക്കർ ബിൽഡേഴ്‌സ്, കിവി ഐസ്‌ക്രീം, ടെന്റോ കുക്ക്‌വെയർ, ഐറിച്ച് എന്നിവരാണ്‌ സ്‌റ്റെയ്‌പ്‌–- അക്ഷരമുറ്റം ജില്ലാ ടാലന്റ്‌ ഫെസ്‌റ്റ്‌–-2022 മുഖ്യ സ്‌പോൺസർമാർ. ജില്ലാ മത്സരവിജയികള്‍ ഡിസംബര്‍ 11ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും, ഇവര്‍ക്കുള്ള ക്യാഷ് പ്രൈസും മെമെന്റോയും സര്‍ട്ടിഫിക്കറ്റും ഡിസംബര്‍ 28ന് മലപ്പുറം മഹോത്സവത്തിന്റെ സമാപനചടങ്ങിൽ സമ്മാനിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയുമാണ് സമ്മാനം.
എൽപി വിഭാഗത്തിൽ കെ ആർ നാൻസി, കെ എം ഷാജി, പി എസ്‌ ബിജിലി എന്നിവരായിരുന്നു ടാലന്റ്‌ ഫെസ്റ്റിലെ ക്വിസ്‌ മാസ്‌റ്റർമാർ. പ്രജിത കുന്നത്ത്‌, എം സി റീന (യുപി), കെ പി രാജീവൻ, ടി അബ്‌ദുള്ള (എച്ച്‌എസ്‌), വി വിനോദ്‌, പി വി അനൂപ്‌ (എച്ച്‌എസ്‌എസ്‌) എന്നിവരും ക്വിസ്‌ നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top