പെരിന്തൽമണ്ണ
ചലച്ചിത്ര -നാടക നടി നിലമ്പൂർ ആയിഷക്കും കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്കും ഗസറ്റഡ് ഓഫീസർമാരുടെ സംഘടനയായ കെജിഒഎയുടെ ആദരവും ആജീവനാന്ത പ്രതിമാസ എൻഡോവ്മെന്റും. പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എൻഡോവ്മെന്റും ഉപഹാരവും സമർപ്പിച്ചു. മലബാറിന്റെ മണ്ണിൽ ഇടത്, കമ്യൂണിസ്റ്റ് ആശയധാരക്ക് മണ്ണൊരുക്കുന്നതിൽ അഭിനയകലകൊണ്ടും കഥാപ്രസംഗംകൊണ്ടും സ്വീകാര്യത നേടിത്തന്നവരാണ് ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു.
നാടക ജീവിതത്തിലെ ജ്വലിക്കുന്ന ഓർമകൾ നിലമ്പൂർ ആയിശ പങ്കുവച്ചു. 70 വർഷത്തെ കലാ, രാഷ്ട്രീയജീവിതത്തിലെ വലിയ അംഗീകാരമാണ് എൻഡോവ്മെന്റെന്ന് അവർ പറഞ്ഞു. എഴുപതുകളിലെ രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളെ സാധാരണക്കാർക്കിടയിൽ പാടിയും പറഞ്ഞും അവബോധം സൃഷ്ടിച്ച പാർടി വേദികളിലെ അനുഭവങ്ങളാണ് തൃക്കുളം കൃഷ്ണൻകുട്ടി ഓർത്തെടുത്തത്. ഡൽഹി ദൗത്യം കഥാപ്രസംഗത്തിന്റെ അൽപ്പം അവതരിപ്പിച്ച് അന്നത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം പങ്കുവച്ചു. കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി.
പെരിന്തൽമണ്ണയിലെ ഏരിയാ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എം ശ്രീഹരി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻകാല പ്രവർത്തകരുടെ സംഗമം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി രമണൻ ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ നഗരസഭാ ഉപാധ്യക്ഷ എ നസീറ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം കെ ടി അലി അസ്കർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ രാജേഷ് സ്വാഗതവും ഏരിയാ സെക്രട്ടറി ടി കെ ഷമീർ ബാബു നന്ദിയും പറഞ്ഞു. മുതിർന്ന സിപിഐ എം നേതാവ് പി പി വാസുദേവൻ, ഡോ. എ മുഹമ്മദ്, കെ എം സുജാത, ഐ കെ മോഹൻ, കുഞ്ഞിമമ്മു പറവത്ത്, പ്രകാശ് പുത്തൻമഠത്തിൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..