കോഴിക്കോട്
പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പാറോപ്പടിയിലെ വസതിയിലായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന റംല കഥാപ്രസംഗ കലയിലും മികവു തെളിയിച്ചിട്ടുണ്ട്.
ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാ–- മറിയം ബീവി ദമ്പതികളുടെ മകളായി 1946 നവംബർ മൂന്നിനാണ് ജനനം. ഏഴാം വയസ്സിൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിയാണ് തുടക്കം. പിന്നീട് കഥാപ്രസംഗ കലയിൽ ചുവടുറപ്പിച്ചു. കേരളത്തിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ പരിപാടി അവതരിപ്പിച്ചു.
മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് മോയിൻകുട്ടി വൈദ്യർ സ്‌മാരക പുരസ്‌കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമി, ഫോക്‌ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഭർത്താവ് പരേതനായ കെ എം സലാം. മകൾ: റസിയ.
എതിർപ്പിനെ തോൽപ്പിച്ച ഈണം
സി വി രാജീവ്
മലപ്പുറം
‘‘ഇരുലോകം ജയമണി നബിയുള്ള...’’ പാട്ടോർമ്മയുടെ ചെപ്പിൽ താളമേളങ്ങൾക്കൊപ്പം നിറഞ്ഞ മധുരസ്വരം ഓർമയായി.
സമുദായ നേതാക്കളുടെ വിലക്കിനെ എതിരിട്ട് റംല ബീഗം അടയാളപ്പെടുത്തിയത് വേറിട്ട കാലം. മുസ്ലിംസ്‌ത്രീ വേദികളിൽ പരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതന്മാരുടെ തിട്ടൂരത്തെ ഭയക്കാതെയായിരുന്നു യാത്ര. കഥാപ്രസംഗം അവതരിപ്പിച്ചാൽ കൊല്ലുമെന്ന് ഭീഷണിവരെയുണ്ടായി.
മുസ്ലിംസ്‌ത്രീ കഥാപ്രസംഗം നടത്തുന്നത് അംഗീകരിക്കാൻ 1970കളിൽ സമുദായ നേതാക്കന്മാർക്കായില്ല. മതപണ്ഡിതന്മാർ റംലയുടെ വേദികളെ എതിർത്തു. ‘പൊതുരംഗത്ത് ഇറങ്ങുന്നവരെ എറിഞ്ഞുകൊല്ലണം–- അതായിരുന്നു അവരുടെ ഫത്‌വ.
കണ്ണൂർ ചൊവ്വയിലായിരുന്നു ആദ്യ സംഭവം–- 1976ൽ. ‘കർബലയിലെ രക്തക്കളം’ കഥയായിരുന്നു നിശ്‌യിച്ചത്. ടിക്കറ്റുള്ള പരിപാടിയായിരുന്നു. ഒരുകാരണവശാലും പരിപാടി അവതരിപ്പിക്കരുതെന്ന് മതപണ്ഡിതർ നിർബന്ധംപിടിച്ചു. ആലപ്പുഴയിൽനിന്നുവരുന്ന റംല ബീഗത്തെ എറിഞ്ഞുകൊല്ലണമെന്നുവരെ ആഹ്വാനമുണ്ടായി. കണ്ണൂരിൽ താമസിക്കുന്ന ഹോട്ടലിലെത്തി കുറച്ചാളുകൾ ഭീഷണിമുഴക്കി– --‘‘പരിപാടി നടത്താൻ പറ്റില്ല.’’ ‘റംല ബീഗത്തിന്റെ രക്തക്കളമായിരിക്കും അവിടെ’ എന്നുവരെ ആഹ്വാനവുമുണ്ടായി. ഭർത്താവ് ഇടപെട്ട് കഥ അവതരിപ്പിക്കാൻ തീരുമാനിച്ചു. പൊലീസ് അകമ്പടിയോടെയാണ് വേദിയിൽ എത്തിയത്. കഥ അൽപ്പം മുന്നോട്ടുപോയപ്പോൾ ആളുകൾ ടിക്കറ്റെടുത്ത് കയറാൻ തുടങ്ങി. അരമണിക്കൂറിനകം സദസ്സ് നിറഞ്ഞു. എതിർത്ത ആളുകൾ പിന്നീട് വന്ന് മാപ്പ് പറഞ്ഞു. നാലുദിവസം അവിടെ സമീപത്തായി നിരവധി വേദികൾ കിട്ടി.
അതിനുശേഷം കോഴിക്കോട് കൊടുവള്ളിയിലും സമാന സംഭവമുണ്ടായി. പഞ്ചായത്ത് റോഡ് ടാറിടാനുള്ള ധനശേഖരണാർഥമായിരുന്നു ബദ്‌റുൽ മുനീർ, ഹുസ്‌നുൽ ജമാൽ കഥാപ്രസംഗം. പ്രോഗ്രാം നിർത്തിപ്പോകണമെന്ന് ആക്രോശമുണ്ടായി. ‘ഇസ്ലാമിനെ താറടിക്കാനോ, അതോ റോഡ് ടാറിടാനോ’ എന്ന് നോട്ടീസും ഇറക്കി. പരിപാടി കഴിഞ്ഞപ്പോൾ ആളുകൾ വന്ന് മാപ്പ് ചോദിച്ചു. മുസ്ലിംസ്‌ത്രീ പൊതുരംഗത്തിറങ്ങിയതായിരുന്നു അവരുടെയൊക്കെ പ്രശ്‌നം.
ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം മുംബൈയിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. ‘ഓടയിൽനിന്ന്’ ആയിരുന്നു കഥ.
മലബാറിൽ ആദ്യം പരിപാടിക്ക് വന്നത് കോഴിക്കോട് പരപ്പിൽ സ്‌കൂളിലേക്കാണ്. അന്ന് ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്. പിന്നീട് വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി. ഒടുവിൽ ഈണങ്ങൾ ബാക്കിയാക്കി മറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..