കരിപ്പൂർ
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കരിപ്പൂരിൽ വ്യോമഗതാഗതം താളംതെറ്റി. ബുധൻ പുലർച്ചെ അഞ്ചിനും രാവിലെ എട്ടിനും ഇടയിലെത്തിയ അഞ്ച് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂന്ന് വിമാനങ്ങൾ യഥാസമയം കരിപ്പൂരിലെത്തിയെങ്കിലും ഏറെനേരം ആകാശത്ത് വട്ടമിട്ട് പറന്നാണ് ലാന്‍ഡിങ് നടത്തിയത്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 344 ദുബായി വിമാനം പുലർച്ചെ 5.10ന് കരിപ്പൂരിലെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് നെടുംബാശേരിയിലേക്ക് തിരിച്ചുവിട്ടു. കാലാവസ്ഥ അനുകൂലമായതോടെ ഈ വിമാനം 6.05ന് കരിപ്പൂരിലെത്തി 7.35ന് ഷാർജയിലേക്ക് മടങ്ങി. 4.45ന് കരിപ്പൂരിലെത്തിയ എയർ അറേബ്യയുടെ അബുദാബി വിമാനം നെടുംബാശേരിയിലേക്ക് തിരിച്ചുവിട്ടു. 8.45ന് വിമാനം തിരിച്ച് കരിപ്പൂരിലെത്തിയെങ്കിലും പൈലറ്റിന്റെ ജോലിസമയം അവസാനിച്ചതിനാൽ യാത്ര തുടരാനായില്ല. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. 7.45ന് കരിപ്പൂരിലിറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 342 അബുദാബി വിമാനവും നെടുംബാശേരിയിലേക്ക് തിരിച്ചുവിട്ടു. 9.30ന് കരിപ്പൂരിൽ തിരിച്ചെത്തിയ വിമാനം 10.24ന് ദോഹയിലേക്ക് പോയി. 8.05ന് എത്തിയ ഒമാൻ എയർ മസ്കത്ത് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. 10.55ന് തിരിച്ചെത്തിയ വിമാനം 11.27ന് മസ്കത്തിലേക്ക് മടങ്ങി. 6.55ന് എത്തിയ ഇൻഡിഗോ എയർലൈൻസിന്റെ ചെന്നൈ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനം 8.05നാണ് കരിപ്പൂരിൽ മടങ്ങിയെത്തിയത്.
രാവിലെ 8.30ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 345 വിമാനം ഏറെനേരം കറങ്ങിയശേഷമാണ് കരിപ്പൂരിൽ ഇറങ്ങിയത്. 9.55ന് ദുബായിലേക്ക് മടങ്ങിയ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് കണ്ണൂരിൽ ഇറക്കി. തകരാര്‍ പരിഹരിക്കാൻ കഴിയാത്തതിനാൽ പകൽ 2.30ഓടെ ഈ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോയി.
രാവിലെ 7.05ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 382 വിമാനം ആകാശത്ത് കറങ്ങിയശേഷം 8.15നാണ് ലാന്‍ഡിങ് നടത്തിയത്. 7.15ന് ഇറങ്ങേണ്ട ഐഎക്സ് 322 റിയാദ് വിമാനം 7.50നാണ് കരിപ്പൂരിൽ ഇറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..