24 April Wednesday
അർഹതയില്ലാത്ത മുൻഗണനാ റേഷൻ കാർഡ്‌

പിടികൂടിയത്‌ *20,532 കാർഡ്‌

സ്വന്തം ലേഖകൻUpdated: Tuesday Jun 28, 2022

മലപ്പുറം
അർഹതയില്ലാതിരുന്നിട്ടും മുൻഗണനാ കാർഡുകൾ കൈവശംവച്ചവർക്കെതിരായ നടപടി ശക്തമാക്കുന്നു. തിരൂർ താലൂക്ക്‌ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം 22 കാർഡുകൾ പിടിച്ചെടുത്തു. ജില്ലയിലാകെ ഒരു വർഷത്തിനകം പിടിച്ചെടുത്തതോ സ്വയം തിരിച്ചേൽപ്പിച്ചതോ പരിശോധനയിലൂടെ കണ്ടെത്തിയതോ ആയ 20,532 അനർഹമായ മുൻഗണനാ കാർഡുകൾക്കെതിരെയാണ്‌ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ നടപടിയെടുത്തത്‌.

അർഹതയുള്ളവർക്ക്‌ ആദ്യം
അർഹതയുണ്ടായിട്ടും മുൻഗണനാ പട്ടികയിൽപ്പെടാതെപോയ കുടുംബങ്ങൾക്ക്‌ ആശ്വാസമേകാൻ ‘അർഹതയുള്ളവർക്ക്‌ ആദ്യം’ എന്ന പേരിൽ സംസ്ഥാന സർക്കാർ മുൻഗണനാ കാർഡ്‌ വിതരണം തുടങ്ങിയിട്ടുണ്ട്‌. ജില്ലാതല വിതരണം ജൂൺ 14ന്‌ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്‌തിരുന്നു. അനർഹമായവരെ ഒഴിവാക്കി പകരം അർഹരെ പട്ടികയിൽപ്പെടുത്താനാണ്‌ സർക്കാർ ശ്രമം.

കൂടുതൽ *നിലമ്പൂരിൽ 
മെയ്‌ 31 വരെ പിടിച്ചെടുത്തതോ, സ്വയം സമർപ്പിച്ചതോ പരിശോധനയിൽ കണ്ടെത്തിയതോ ആയ അനർഹ കാർഡുകളിൽ 1897 അന്ത്യോദയ അന്നയോജനയും 18,635 എണ്ണം മുൻഗണനാ കാർഡുകളുമാണ്‌. സ്വമേധയാ സമർപ്പിച്ച കാർഡുകൾ–- 17,425, പരിശോധനയിലൂടെ കണ്ടെത്തിയത്‌–- 2908. പരാതിയെ തുടർന്ന്‌ പൊതുവിഭാഗത്തിലേക്ക്‌ മാറ്റിയത്‌–- 199. നിലമ്പൂർ താലൂക്കിലാണ്‌ കൂടുതൽ അനർഹമായ മുൻഗണനാ കാർഡുകൾ കണ്ടെത്തിയത്‌–- 5062. കുറവ്‌ പൊന്നാനിയിൽ–- 1423. തിരൂർ–- 4457, തിരൂരങ്ങാടി–- 2975, പെരിന്തൽമണ്ണ–- 2798, കൊണ്ടോട്ടി–- 1986, ഏറനാട്‌–- 1931.

പിഴയിട്ടത്‌ *97,570 രൂപ
മെയ്‌ 31 വരെയുള്ള ഒരുവർഷത്തിനകം അനർഹമായി മുൻഗണനാ/ എഎവൈ കൈവശംവച്ചവരിൽനിന്ന്‌ പിഴയായി ഈടാക്കിയത്‌ 97,570 രൂപയാണ്‌. കാർഡുപയോഗിച്ച്‌ വാങ്ങിയ സാധനങ്ങളുടെ പൊതുവിപണിയിലെ വിലയാണ്‌ പിഴയായി ഈടാക്കുന്നത്‌. നിലമ്പൂർ താലൂക്കിൽ ഒരു കാർഡാണ്‌ പിടികൂടിയതെങ്കിലും 20,008 രൂപ പിഴയീടാക്കി. പെരിന്തൽമണ്ണയിൽ ഏഴു കാർഡുടമകളിൽനിന്നായി 76,123 രൂപയാണ്‌ അടപ്പിച്ചത്‌. 

പിടിവീഴും
അനർഹമായി കാർഡുകൾ കൈവശംവച്ചവർക്കെതിരെ നടപടി തുടരുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി പറഞ്ഞു. അനർഹരെ ഒഴിവാക്കിയാലേ അർഹരെ മുൻഗണനാ പട്ടികയിൽ പെടുത്താനാവൂ. അനർഹർ ഇത്തരം കാർഡുകൾ കൈവശംവയ്‌ക്കുന്നുണ്ടെങ്കിൽ താലൂക്ക്‌, ജില്ലാ സപ്ലൈ ഓഫീസുകളിൽ പൊതുജനങ്ങൾക്ക്‌ അറിയിക്കാം–- ഡിഎസ്‌ഒ പറഞ്ഞു.

കുറ്റിപ്പുറത്ത്‌ 22 *കാർഡുകൾ പിടികൂടി 
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ, ഇരിമ്പിളിയം, വെണ്ടല്ലൂർ പ്രദേശങ്ങളിൽ തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 22 അനർഹമായ കാർഡുകൾ പിടികൂടി. 72 റേഷൻ കാർഡുകൾ പരിശോധിച്ചതിൽ മുൻഗണനാ വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തിൽ 14ഉം കാർഡുകളാണ്‌ അനർഹമായി കൈവശംവച്ചതായി കണ്ടെത്തിയത്‌. താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌കരൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ പി മുരളീധരൻ, വി പി ഷാജുദ്ദീൻ, എസ്‌ സി ബിബിൽ, ഹരി, ഓഫീസ് ജീവനക്കാരനായ അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനർഹമായി മുൻഗണന, സബ്സിഡി റേഷൻ കാർഡുകൾ കൈവശംവച്ചവരിൽനിന്ന് പിഴ ഈടാക്കുമെന്ന് ടിഎസ്‌ഒ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top