17 September Wednesday
@ഗ്രീൻ ഫീൽഡ്‌ പാത

പ്രൊജക്ട് ഓഫീസ് *മഞ്ചേരിയിലേക്ക്‌ മാറ്റിയേക്കും

സ്വന്തം ലേഖകൻUpdated: Tuesday Jun 28, 2022

മലപ്പുറം
പാലക്കാട്–-കോഴിക്കോട്‌‌ ഗ്രീൻഫീൽഡ്‌ പാതയുടെ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി ദേശീയപാത ഭൂമിയേറ്റെടുക്കൽ പ്രൊജക്ട് ഓഫീസ് കോഴിച്ചെനയിൽനിന്ന്‌ മാറ്റും.  സൗകര്യം പരിഗണിച്ച്‌ മഞ്ചേരിയിലോ മലപ്പുറത്തോ ആകും പുതിയ ഓഫീസ്‌ തുറക്കുക. കോഴിക്കോട്‌–-തൃശൂർ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിനാണ്‌ റവന്യു വകുപ്പ്‌ കോഴിച്ചെനയിൽ ഓഫീസ്‌ തുറന്നത്‌.
പാത വികസനത്തിന്റെ ഭാഗമായി ഈ ഓഫീസിന്റെ ഒരുഭാഗവും പൊളിക്കും.
ഈ സാഹചര്യംകൂടി പരിഗണിച്ചാണ്‌ ഓഫീസ്‌ മാറ്റം. ഗ്രീൻഫീൽഡ്‌ പാതയുമായി ബന്ധപ്പെട്ട്‌ 2500 പരാതികൾ ലഭിച്ചിട്ടുണ്ട്‌. നേരിട്ടും പോസ്‌റ്റൽ വഴിയും ലഭിച്ചവയ്ക്ക്‌ പുറമേ മെയിൽ വഴിയും വന്ന പരാതികളും പരിഗണിച്ചപ്പോഴാണ്‌ എണ്ണം 2500ൽ എത്തിയത്‌. പരാതിയുമായി ബന്ധപ്പെട്ട ഹിയറിങ്‌ ജൂലൈ നാലുമുതൽ 15 വരെ മഞ്ചേരി ടൗൺ ഹാളിൽ നടക്കും.
കോഴിക്കോട്‌ ജില്ലയിൽ 15ന്‌ കല്ലിടൽ ആരംഭിച്ചു‌. ഇത്‌ പൂർത്തിയായാൽ മലപ്പുറം ജില്ലയിൽ കല്ലിടൽ ആരംഭിക്കും.
കല്ലിടൽ പൂർത്തിയായാൽ വില നിർണയം നടത്തി ഭൂമി ഏറ്റെടുക്കും. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ എടത്തനാട്ടുകരമുതൽ വാഴയൂർവരെയുള്ള 304.59 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top