27 April Saturday
ഹൈവേയുടെ നിർമാണം പുരോഗമിക്കുന്നു

കുതിപ്പിനൊരുങ്ങി മലയോരം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കാറ്റാടിപ്പാലം ‐പൂക്കോട്ടുംപാടം മലയോര ഹൈവേയിൽ ചേലോട് ഭാഗത്തെ റോഡ് നിർമാണം പുരോഗമിക്കുന്നു

പൂക്കോട്ടുംപാടം
മലയോര ഹൈവേക്കൊപ്പം കുതിക്കാനൊരുങ്ങി പൂക്കോട്ടുംപാടം ടൗണും മലയോര ഗ്രാമങ്ങളും. എടക്കര കാറ്റാടിപ്പാലം -പൂക്കോട്ടുംപാടം, മൈലാടി -പൂക്കോട്ടുംപാടം, പൂക്കോട്ടുംപാടം -കാളികാവ് മലയോര ഹൈവേകളാണ് പൂക്കോട്ടുംപാടം ടൗണിലൂടെ കടന്നുപോകുന്നത്. 
മാർച്ച് 2020ൽ ആരംഭിച്ച എടക്കര കാറ്റാടിപ്പാലം -പൂക്കോട്ടുംപാടം റീച്ചിന്റെ പ്രവൃത്തി പൂർത്തീകരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. 12 കിലോമീറ്റർ നീളമുള്ള റോഡിന് 12 മീറ്ററാണ് വീത്.  ഈ ദൂരത്തിനിടയിൽ 21 കലുങ്കുകൾ പുതിയതായി നിർമിച്ചു. ആറ്‌ കൾവേർട്ടുകൾ വലുതാക്കി. അനുബന്ധമായി അഴുക്കുച്ചാൽ, സുരക്ഷാമതിലുകൾ എന്നിവയും നിർമിച്ചു.
ആയിരം മീറ്റർ ദൂരത്തിൽ സ്റ്റീൽ ക്രാഷ് ബാരിയറുകൾ, 1500 സ്റ്റീൽ സുരക്ഷാഭീമുകൾ, ദിശാ ബോർഡുകൾ, ട്രാഫിക് സുരക്ഷാ ബോർഡുകൾ എന്നിവ  സ്ഥാപിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുണ്ട്.   
മൈലാടി -പൂക്കോട്ടുംപാടം റീച്ചിന്റെ പ്രവൃത്തി മാസങ്ങൾക്കുമുമ്പാണ് ആരംഭിച്ചത്. മുക്കട്ടമുതൽ പൂക്കോട്ടുംപാടംവരെയുള്ള ഒമ്പത്‌ കിലോമീറ്റർ ദൂരത്ത് 12 മീറ്റർ വീതിയാണുള്ളത്. 25 കലുങ്കുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. സംരക്ഷണഭിത്തിയുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. കെ വി ജോസഫ് ആൻഡ്‌ സൺസ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. 
പൂക്കോട്ടുംപാടം -കാളികാവ് റീച്ചിന്റെ പ്രവൃത്തി ആരംഭഘട്ടത്തിലാണ്. 12.31 കിലോമീറ്റർ ദൂരത്തിലുള്ള ഹൈവേയുടെ പ്രവൃത്തിക്കായി 75 കോടി രൂപക്കാണ്‌ സാങ്കേതികാനുമതി ലഭിച്ചത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ് നിർമാണ ചുമതല.  റോഡിൽ 46 കലുങ്കുകൾ നിർമിക്കും. കലാമൂലയിൽ മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി വീതികുറഞ്ഞ പാലത്തിനുപകരം പുതിയ പാലവും നിർമിക്കും. 
18 മാസത്തിനുള്ളിൽ ഇരു ഹൈവേയുടെ പ്രവർത്തനവും പൂർത്തീകരിക്കുന്നതോടെ  മലയോര മേഖലയുടെ വലിയ മാറ്റത്തിനാണ്‌ വഴിയൊരുങ്ങുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top