25 April Thursday

വിമാന ജീവനക്കാരെ വലയിലാക്കി 
സ്വർണക്കടത്തുകാർ

ബഷീർ അമ്പാട്ട്‌Updated: Saturday May 28, 2022
 
കരിപ്പൂർ
 
വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പുതുവഴി. വിമാന ജീവനക്കാരെയാണ്‌ കള്ളക്കടത്തിന്‌ ഉപയോഗിക്കുന്നത്‌. രണ്ട് മാസത്തിനിടെ  ഇത്തരത്തിലുള്ള മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്‌തു. വിമാനത്തിലും ടെർമിനലിലെ ശുചിമുറിയിലുമായി ഉപേക്ഷിച്ചനിലയിൽ ആറുതവണ സ്വർണം കണ്ടെടുത്തു. 
കഴിഞ്ഞദിവസം  പിടിയിലായ എയർഇന്ത്യ എക്‌സ്‌പ്രസ്‌ ജീവനക്കാരൻ നവനീത്‌സിങ്ങിനെ ചോദ്യംചെയ്തതിൽനിന്ന്‌ കസ്റ്റംസിന് ഇതുമായി ബന്ധപ്പെട്ട  വിവരങ്ങൾ കിട്ടി. ഇയാൾ ആറുതവണ കരിപ്പൂരിലൂടെ സ്വർണം കടത്തിയതായാണ് മൊഴി. കൂടുതൽ വിമാന ജീവനക്കാർ കള്ളക്കടത്തുകാർക്ക്‌ ഒത്താശചെയ്യുന്നതായും ഇയാൾ മൊഴിനൽകി.  
വിമാന ജീവനക്കാർ താമസിക്കുന്ന ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ  പ്രവർത്തനം. വിമാന ജീവനക്കാരെ വരുതിയിലാക്കാൻ ഹണി ട്രാപ്പ് കെണിയിൽവരെ കുടുക്കുന്നുണ്ട്‌. 
സംയുക്തരൂപത്തിലുള്ള സ്വർണമാണ്‌ കൈമാറുക. ഗൾഫിൽനിന്ന്‌ നേരിട്ട്‌ കൊടുക്കുന്നതും വിമാനത്തിൽ മറ്റ് യാത്രക്കാർ ശുചിമുറിയിൽവയ്ക്കുന്ന സ്വർണം പുറത്ത്‌ എത്തിക്കുന്നതുമാണ്‌ രീതി.  വിമാനത്താവളത്തിനുപുറത്ത് കാത്തുനിൽക്കുന്നവർക്ക് സ്വർണം കൈമാറുന്നതോടെ ജീവനക്കാരുടെ ജോലി തീരും. ലാഭത്തിന്റെ 30 ശതമാനംവരെയാണ് ഇവർക്ക് കള്ളക്കടത്ത് മാഫിയ നൽകുന്ന പ്രതിഫലം.
വിമാന ജീവനക്കാർക്ക് കസ്റ്റംസ് പരിശോധന കുറവാണ്‌. സംയുക്തരൂപത്തിലുള്ള സ്വർണം വാതിലിൽ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ  കണ്ടെത്തുകയുമില്ല.  ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നിരീക്ഷണം ശക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top