20 April Saturday

ഇനിയും പഠിക്കാം; കുടുംബശ്രീ കൂടെയുണ്ട്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
 
മലപ്പുറം 
ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനം കഠിന പ്രയത്നത്തിലാണ്‌; 50 വയസിനുതാഴെയുള്ള മുഴുവൻ സ്‌ത്രീകളെയും എസ്‌എസ്‌എൽസി എഴുതിക്കാൻ. ഒപ്പം എസ്‌എസ്‌എൽസി കഴിഞ്ഞവരെ പ്ലസ്‌ ടു യോഗ്യരാക്കാൻ. കുടുംബശ്രീ ജില്ലാ മിഷന്‌ പിന്തുണയുമായി സാക്ഷരതാ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, വനിതാ ശിശു വികസനം, സാമൂഹ്യനീതി, പട്ടികജാതി–-പട്ടികവർഗ വികസനം, സഹകരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും കൂടാതെ ലൈബ്രറി കൗൺസിലും യുവജനക്ഷേമ ബോർഡും നെഹ്റു യുവകേന്ദ്രയും ബാങ്കുകളും ഒപ്പമുണ്ട്‌. ഇരുവിഭാഗങ്ങളിലുമായി ആറായിരത്തോളം പേരുണ്ടെന്നാണ്‌ കണ്ടെത്തൽ. ഇവരിൽ ഏറെ പേരും ക്ലാസുകളിലെത്തിത്തുടങ്ങി. കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമത്തിലുമാണ്‌ കുടുംബശ്രീ ‘യോഗ്യ’ എന്ന പദ്ധതിയിലൂടെ.  
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം എൽഎ ഡെപ്യൂട്ടി കലക്ടർ കെ ലതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചതായി കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്തും പ്രോഗ്രാം മാനേജർ പി റൂബിരാജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഠനത്തിനായി 2023 പ്രാദേശിക കേന്ദ്രങ്ങൾ സാക്ഷരതാ മിഷൻ ഒരുക്കും. പാഠപുസ്‌തകങ്ങളും സാക്ഷരതാ മിഷൻ നൽകും. സഹകരണ സംഘങ്ങളിൽനിന്ന്‌ സ്പോൺസർഷിപ്പ് കണ്ടെത്തും. പ്രചാരണം, മൊബിലൈസേഷൻ, ക്ലാസെടുക്കാൻ വളന്റിയർ സേവനം, പരിശീലനങ്ങൾക്ക് വായനശാല, യൂത്ത് ക്ലബ്ബുകൾ എന്നിവ ഉപയോഗപ്പെടുത്താൻ നെഹ്റു യുവകേന്ദ്ര, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്‌, സാമൂഹ്യനീതി വകുപ്പ്, ഐസിഡിഎസ്, വനിതാ -ശിശുക്ഷേമ വകുപ്പ് എന്നിവരോട്‌ നിർദേശിച്ചു. തദ്ദേശ ഭരണ സ്ഥപനങ്ങൾ പ്രത്യേകം ഫണ്ട് വകയിരുത്തും.  
സിഡിഎസ് തനത് ഫണ്ടിൽനിന്ന്‌ ഫീസ് ഇനത്തിൽ അടവാക്കിയ 13,05,650 രൂപ മന്ത്രി  ആർ ബിന്ദു സാക്ഷരതാ മിഷന്‌  കൈമാറിയിരുന്നു. പഠിതാക്കൾക്കുള്ള അപേക്ഷാ ഫോറം വിതരണം മന്ത്രി വി അബ്ദുറഹ്‌മാനും ഉദ്‌ഘാടനംചെയ്‌തു. കോഴ്സ്‌ ഫീസ്‌ ധനകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവ മുഖന സിഡിഎസുകൾ സമാഹരിക്കും. 111 സിഡിഎസുകളും 2257 എഡിഎസുകളും മുപ്പതിനായിരത്തിലേറെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ജില്ലയിലുണ്ട്‌. ബഡ്സ് വിദ്യാർഥികൾ, മറ്റ്‌ ഭിന്നശേഷിക്കാർ എന്നിവർക്ക് നാലാംതരം, ഏഴാംതരം തുല്യത നേടാനും ലക്ഷ്യമിടുന്നു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ സ്പെഷൽ ക്ലാസെടുക്കും. പരീക്ഷാപ്പേടി അകറ്റി ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കമ്യൂണിറ്റി കൗൺസിലർമാർ പരിശീലനം നൽകും. കോളേജുകൾ, സോഷ്യൽ വർക്ക് വിദ്യാർഥികൾ എന്നിവരുടെ സഹകരണവും കുടുംബശ്രീ പ്രതീക്ഷിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top