07 July Monday
നിലമ്പൂർ സ്വദേശി അറസ്റ്റിൽ

ബാങ്ക്‌ ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടി

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
 
എടക്കര
ഉപഭോക്താക്കളറിയാതെ ക്രെഡിറ്റ് കാര്‍ഡിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ നിലമ്പൂർ സ്വദേശി അറസ്റ്റിൽ. ദലീല്‍ പറമ്പാട്ടി (ദലീൽ റോഷൻ–- 30)നെയാണ് വഴിക്കടവ്  ഇന്‍സ്‌പെക്‌ടര്‍ മനോജ്‌ പറയട്ടയും സംഘവും അറസ്റ്റുചെയ്‌തത്. 1.20 ലക്ഷം രൂപ നഷ്ടപ്പെട്ട വഴിക്കടവ് സ്വദേശിനിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌.   
ദലീൽ എസ്‌ബിഐ ക്രെഡിറ്റ്‌ കാർഡ്‌ എക്‌സിക്യൂട്ടീവായി (ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് ചാനൽ ജീവനക്കാരൻ) ജോലി നോക്കിയിരുന്നു. ബാങ്ക്‌ ശാഖയിൽ ക്രെഡിറ്റ്‌ കാര്‍ഡ് റദ്ദാക്കാൻ എത്തുന്നവരുടെ മൊബൈൽ ബാങ്ക്‌ വിവരവും ഒടിപിയും കൈക്കലാക്കി സ്വന്തം അക്കൗണ്ടിലേക്ക്‌ പണം മാറ്റുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് റദ്ദായ സന്ദേശം വന്നോ എന്ന്‌ നോക്കാനെന്ന്‌ പറഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞ് ഇടപാടുകാരെ സമീപിക്കും. പണമെടുത്തതിന്റെ സന്ദേശം വരുന്നത്‌ തടയാൻ ഇയാളുടെ വ്യാജ ഇ–-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ക്കാനായിരുന്നു ഇത്‌. 
വണ്ടൂരിലെ അങ്കണവാടി ജീവനക്കാരിയുടെ 62,400 രൂപയും പൂക്കോട്ടുംപാടത്തെ കെഎസ്ഇബി  ജീവനക്കാരന്റെ 1.20 ലക്ഷവും വണ്ടൂരിലെ ഒരു സ്‌കൂളിലെ അഞ്ച് അധ്യാപകരുടെ 15 ലക്ഷം രൂപയും ദലീൽ തട്ടിയെടുത്തിട്ടുണ്ട്‌.  ഇടപാടുകാരുടെ  ക്രെഡിറ്റ് കാർഡ്‌ വഴി ലക്ഷങ്ങൾ വായ്‌പയെടുത്തും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്‌. 
പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിൽ ചുമതലയിൽനിന്ന്‌ ഒഴിവാക്കിയശേഷവും ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്‌ തുടർന്നു. അറസ്റ്റ്‌ വിവരമറിഞ്ഞ്‌ നിരവധി പേര്‍ പരാതിയുമായി എത്തുന്നുണ്ട്‌. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുണ്ട്‌. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പുതിയ പാസ്‌പോർട്ടുണ്ടാക്കി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. 
നിലമ്പൂര്‍ കോടതിയിൽ ഹാജരാക്കിയ ദലീലിനെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ്‌ ചെയ്‌തു. എസ്ഐ ഒ കെ വേണു, എഎസ്ഐ കെ മനോജ്, ഇ ജി പ്രദീപ്, എസ് പ്രശാന്ത്കുമാര്‍, വിനീഷ് മാന്തൊടി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top