24 April Wednesday

ജംഷീറിന്റെ ഓർമകൾ നിറഞ്ഞു; 
സുധയ്‌ക്ക്‌ സ്‌നേഹഭവനം കൈമാറി

സ്വന്തം ലേഖകൻUpdated: Saturday Jan 28, 2023

പൂളാപ്പീസ് കരിയാരത്ത് ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കുടുംബത്തിന് കൈമാറുന്നു

 
ഊരകം
ജംഷീറിന്റെ ഓർമകൾ നിറഞ്ഞ വേദിയിൽ നിർധന കുടുംബത്തിന്‌ ഡിവൈഎഫ്‌ഐ ഒരുക്കിയ സ്‌നേഹവീടിന്റെ കൈമാറ്റം. കരിയാരത്ത്‌ സുധയ്‌ക്കും കുടുംബത്തിനുമാണ്‌ വീട്‌ നൽകിയത്‌. പൂളാപ്പീസ് യൂണിറ്റ് കമ്മിറ്റിയാണ് സഹപ്രവർത്തകനായിരുന്ന കുന്നത്തൊടി ജംഷീറിന്റെ സ്‌മരണയ്‌ക്കായി വീടുനിർമിച്ചത്‌. മൂന്നുവർഷം മുമ്പാണ് ​ഗൾഫിൽ വാഹനാപടകത്തിൽ ജംഷീർ മരിച്ചത്. പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ മേഞ്ഞ കൂരയിലായിരുന്നു സുധയും മക്കളും കഴിഞ്ഞത്‌. കൂലിപ്പണിക്കാരനായിരുന്ന ഭർത്താവ്‌ പഴനി മരിച്ചതോടെ ജീവിതം ദുരിതത്തിലായി. ഇത്‌ മനസിലാക്കിയാണ് ഡിവൈഎഫ്ഐ വീടൊരുക്കിയത്‌.
സംസ്ഥാന സെക്രട്ടറി വി കെ സനോജ് സുധക്ക് താക്കോൽ കൈമാറി. മേഖലാ സെക്രട്ടറി കെ സതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീർ, സിപിഐ എം ഏരിയ സെക്രട്ടറി കെ മജ്നു, ലോക്കൽ സെക്രട്ടറി എം വത്സകുമാർ, ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടിറി സി ഇല്യാസ്, ബ്ലോക്ക് സെക്രട്ടറി പി സൈഫുദ്ധീൻ, പ്രസിഡന്റ് സി കെ വിബീഷ്, കെ രോഹിത്ത് എന്നിവർ സംസാരിച്ചു.

 

ചരിത്രമാണ്  പ്രധാന സമരായുധം: വി കെ സനോജ്‌

മലപ്പുറം
ചരിത്രമാണ് പ്രധാന സമരായുധമെന്നും പഴയതെല്ലാം ഇടയ്ക്കിടെ ഓർമിപ്പിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. പൂളാപ്പീസ്‌ യൂണിറ്റ്‌ കമ്മിറ്റി നിർമിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു സനോജ്‌. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ​ഗുജറാത്തിൽ നടത്തിയ വംശഹത്യയാണ്  ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ഡോക്യുമെ​ന്ററി തുറന്നുകാട്ടുന്നത്‌. 
കൂട്ടക്കുരുതിയുടെ പച്ചയായ സത്യം പറയുന്ന ഡോക്യുമെ​ന്ററി പ്രദർശനം തുടരണം. വർഷമിത്ര കഴിഞ്ഞിട്ടും ക്രൂരത ലോ​കം ചർച്ചചെയ്യുകയാണ്. അന്ന് അതിന്‌ നേതൃത്വം കൊടുത്തവർ ഇന്ന് ഭരണസിരാകേന്ദ്രത്തിന്റെ ഉന്നതിയിലാണ്.  
മതത്തിന്റെ അടിസ്ഥാനത്തില്ല, മനുഷ്യൻ  എന്ന വിശാല  കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ മുന്നോട്ടുവരേണ്ടത്. ഒരാളും തളർന്നപ്പോൾ മതവും ജാതിയും നോക്കിയല്ല ഡിവൈഎഫ്‌ഐ താങ്ങായത്. കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സനോജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top