19 April Friday

മൊഞ്ചും മൊഴിയും തിരൂരിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

പ്രധാന വേദിയിൽ ഒരുങ്ങുന്ന പന്തൽ

 

തിരൂർ
തുഞ്ചന്റെ മണ്ണിൽ കലയുടെ മാമാങ്കത്തിന്‌ തിങ്കളാഴ്‌ച അരങ്ങുണരും. ആട്ടവും പാട്ടുമായി രണ്ടുവർഷത്തിനുശേഷം പ്രതിഭകൾ ഒത്തുചേരും. വെള്ളിയാഴ്‌ചവരെയാണ്‌ ജില്ലാ സ്‌കൂൾ കലോത്സവം. 
തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളാണ്‌ പ്രധാന വേദി. പോളിടെക്നിക് ഹോസ്റ്റൽ ഗ്രൗണ്ട്, പഞ്ചമി സ്‌കൂൾ, എൻകെ എച്ച്എംഎച്ച്എസ്എസ് എന്നിവയുൾപ്പെടെ 16 വേദികൾ. 309 ഇനങ്ങളിലായി 9560 പേർ മാറ്റുരയ്ക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
തിങ്കൾ രാവിലെ ഒമ്പതിന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ പതാക ഉയർത്തും. വൈകിട്ട്‌ നാലിന്‌ പ്രധാന വേദിയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ കലോത്സവം ഉദ്ഘാടനംചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. ഇ ടി മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ കെ ടി ജലീൽ, പി നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംസാരിക്കും. വെള്ളി വൈകിട്ട് ഏഴിന്‌ സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ, കൈറ്റ് കോ–-ഓഡിനേറ്റർ ടി കെ അബ്ദുൾ റഷീദ്, നഗരസഭാ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, പിടിഎ പ്രസിഡന്റ്‌ എ കെ ബാബു, പ്രിൻസിപ്പൽ ഇൻ ചാർജ് ടി വി രഘുനാഥ്, പ്രധാനാധ്യാപകൻ കെ ഗഫൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എ ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  
9 ഇനങ്ങളിൽ മത്സരമില്ല
ഹൈസ്‌കൂൾ വിഭാഗം വീണ, നാദസ്വരം, മദ്ദളം, എന്നിവക്കും ഹയർ സെക്കൻഡറി വിഭാഗം വീണ, നാദസ്വരം, മദ്ദളം, പഞ്ചവാദ്യം, കഥകളി (ആൺ), കുച്ചിപ്പുടി (ആൺ) എന്നിവയ്‌ക്കും മത്സരമില്ല. ഇതോടെ സംസ്ഥാന മത്സരത്തിൽ 45 പോയിന്റിന്റെ നഷ്ടമാണ് ജില്ലയ്ക്ക് ഉണ്ടാവുക. ഹൈസ്കൂൾ വിഭാഗം കഥകളിസംഗീതം, കഥകളി, കേരള നടനം (ആൺ) കഥകളി ഗ്രൂപ്പ്, യക്ഷഗാനം, ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാക്യാർക്കൂത്ത്, കേരള നടനം(ആൺ), കഥകളി ഗ്രൂപ്പ്, കഥകളി (പെൺ) എന്നീ ഇനങ്ങളിൽ ഒരാൾ മാത്രമാണുള്ളത്.  
ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ 
ജില്ലാ കലോത്സവം വിദ്യാർഥികൾ ചിത്രീകരിക്കും. ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിലാണ് ഓരോ ഇനവും ഒപ്പിയെടുക്കുക. 16 വേദികളിലും ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് വീഡിയോ ചിത്രീകരണം. ഇതിനായി തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മൂന്ന്‌ വിദ്യാർഥികൾവീതം 16 വേദികളിലുമുണ്ടാകും. 
 വേദികൾ ഒറ്റ ക്ലിക്കിൽ 
16 വേദികളും ഉൾപ്പെടുന്ന ബാർകോഡ്  പിഡിഎഫ് രൂപത്തിൽ തയ്യാറാക്കി.  ബാർകോഡ്, മൊബൈൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ വേദിയിലേക്കുള്ള കുറഞ്ഞദൂരം, യാത്രാസമയം, ട്രാഫിക് തിരക്കുകൾ എന്നിവ ലഭ്യമാകും. 
ബാർകോഡ് പ്രകാശനം സ്റ്റേജ് ആൻഡ്‌ പന്തൽ കമ്മിറ്റി ചെയർമാൻകൂടിയായ നഗരസഭാ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, ഡിഡിഇ കെ പി രമേഷ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top