20 April Saturday

ജന്മനാടെന്നും ഹൃദയതാളം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ജന്മനാട്ടിൽ തിരിച്ചെത്തിയ അബൂബക്കറിനെ സഹോദരങ്ങൾ സ്വീകരിക്കുന്നു

മേലാറ്റൂർ
ചുറ്റിലുമുള്ള കാഴ്‌ചകൾ അപരിചിതമെങ്കിലും അബൂബക്കറിനുള്ളിൽ പതിറ്റാണ്ടുകൾമുമ്പുള്ള വീടും വീട്ടുകാരും ഓർമകളായി വിടർന്നു. അപ്പോൾ സഹോദരങ്ങൾക്കും സന്തോഷം. അറുപതുവർഷത്തിനുശേഷം ഉറ്റവരെ കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദം വർത്തമാനങ്ങളിൽ നിറഞ്ഞു. 
  എടപ്പറ്റ പാതിരിക്കോട് പരേതരായ അമ്പലതൊടി മമ്മദ് -– -കുഞ്ഞീരുമ്മ ദമ്പതികളുടെ മകൻ അബൂബക്കറാണ് 86ാം വയസിൽ ജന്മനാട്ടിൽ തിരിച്ചെത്തിയത്. ഒമ്പതു മക്കളിൽ മൂത്തയാളായ അബൂബക്കർ 26ാം വയസിലാണ് നാട് വിട്ടത്‌. അന്ന് വയനാട്ടിലെത്തിയശേഷം കർണാടകയിലെ കുടകിലേക്ക് വണ്ടികയറി. പിന്നീട് ബൽഗോവിയ ജില്ലയിലെ കിറ്റൂർ താലൂക്കിൽ ബാസർഗോസ് എന്ന പ്രദേശത്ത് താമസമാക്കി. മേസ്തിരി പണിക്കാരനായി ജീവിതം മുന്നോട്ടുപോയി. അവിടെനിന്നുതന്നെ വിവാഹവും കഴിച്ചു. ഭാര്യയും മൂന്ന് മക്കളും പേരക്കുട്ടികളുമുണ്ട്‌. 
ഗൂഗിൾ വഴികാട്ടി
അടുത്ത കാലത്താണ് നാട്ടിലേക്ക്‌ വരണമെന്ന ആഗ്രഹം അബൂബക്കർ പറയുന്നത്‌. അസുഖബാധിതനായി കിടന്നപ്പോൾ പാതിരിക്കോട് എന്ന സ്ഥലത്തെപ്പറ്റി വാചാലനായി. പേരക്കുട്ടികളിലൊരാൾ സ്ഥലം ഗൂഗിളിൽ അന്വേഷിച്ചു. പാതിരിക്കോട്ടെ ബേക്കറിക്കടയുടെ നമ്പറിൽ ആദ്യം വിളിച്ചു.  അവർ ബന്ധുക്കളെ വിവരം അറിയിച്ചു. അങ്ങനെ അബൂബക്കറിന്റെ ഏറെനാളത്തെ ആഗ്രഹത്തിന് സാക്ഷത്കാരമായി. 
സഹോദരങ്ങളായ മുഹമ്മദ്, അലി, സൈനബ, മറിയ, ആയിഷ, ഫാത്തിമ, കദീജ എന്നിവരും മറ്റു ബന്ധുക്കളും   ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒരു സഹോദരൻ സൈതലവി നേരത്തെ മരിച്ചതാണ്. കുറച്ചുദിവസം ഇവിടെ ചെലവഴിച്ചശേഷം അബൂബക്കറും കുടുംബവും കർണാടകയിലേക്ക് മടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top