20 April Saturday

മുടങ്ങാതെയെത്തും, 
വയറെരിയാതെ നോക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

ഒരുലക്ഷം പൂർത്തീകരിച്ച വെള്ളിയാഴ്ചത്തെ പൊതിച്ചോർ വിതരണം ഡോ. ഷിജുഖാൻ ഉദ്‌ഘാടനംചെയ്യുന്നു

 മഞ്ചേരി

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുലക്ഷം പൊതിച്ചോർ വിതരണംചെയ്ത്‌ ഡിവൈഎഫ്‌ഐ. കഴിഞ്ഞ മേയിലാണ് മെഡിക്കൽ കോളേജിലേക്കുള്ള പൊതിച്ചോർ വിതരണം ആരംഭിച്ചത്‌. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആശുപത്രിക്കുസമീപത്തെ ഹോട്ടലുകൾ പൂർണമായും അടച്ചിരുന്നു. തുടർന്നാണ്‌ രോഗികളുടേയും  കൂട്ടിരിപ്പുകാരുടേയും വിശപ്പകറ്റാനുള്ള പ്രവർത്തനം ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്‌.  ഒരുദിവസംപോലും മുടക്കാതെ മെഡിക്കൽ കോളേജിൽ പൊതിച്ചോര്‍ എത്തിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികൾക്കാണ് ഓരോ ദിവസത്തെയും ഭക്ഷണവിതരണത്തിന്റെ ചുമതല. നിശ്ചയിക്കപ്പെട്ട ദിവസം അതത് കമ്മിറ്റി പ്രവർത്തകൾ പ്രദേശത്തെ വീടുകളിൽനിന്നാണ് പൊതിച്ചോര്‍ ശേഖരിക്കുന്നത്. രാഷ്ട്രീയ ഭേദമെന്യേ പദ്ധതിക്ക് വലിയ പിന്തുണ ലഭിച്ചു. ഇലയിലാണ് മിക്ക വീടുകളിൽനിന്നും ചോറും കറികളും പൊതിഞ്ഞുവാങ്ങുന്നത്. പദ്ധതി ജനകീയമായതോടെ രണ്ടും നാലും പൊതികളാണ് ഓരോ വീടുകളിൽനിന്നും നൽകുന്നത്. വീടുകളിലുണ്ടാക്കിയ പൊതിച്ചോറിന് ആവശ്യക്കാരും ഏറെയാണ്.  ഒരുലക്ഷം പൂർത്തീകരിച്ച വെള്ളിയാഴ്ചത്തെ പൊതിച്ചോർ വിതരണം സംസ്ഥാന ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ഡോ. ഷിജുഖാൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ മുബഷിർ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ മുഹമ്മദ് ശരീഫ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബേനസീർ, ബ്ലോക്ക് ജോ. സെക്രട്ടറി എം റഹ്മാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എ പി ഷമീർ, കെ ദീപ, അനശ്വര ഫഹദ്, കെ മുസമ്മിൽ, മുഹമ്മദലി ശിഹാബ്, കെ ടി സുഭാഷ്, സി ഹിഷാം, എം ഫഹദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top