29 March Friday
തീവ്രവാദ കൂട്ടുകെട്ട്‌

കാപട്യമേ നിന്റെ പേരോ 
യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

മലപ്പുറം

ജമാഅത്തെ ഇസ്ലാമി മതമൗലികവാദ സംഘടനയാണെന്ന കാര്യത്തിൽ യുഡിഎഫിലെ പ്രബല കക്ഷികളായ കോൺഗ്രസിനും മുസ്ലിംലീഗിനും ഇപ്പോഴും സംശയമില്ല. അതുകൊണ്ടാണ്‌ ജമാഅത്തെയുടെ രാഷ്‌ട്രീയ പാർടിയായ വെൽഫെയറുമായി  പരസ്യ സഖ്യമുണ്ടാക്കിയിട്ടും അത്‌ തുറന്നുപറയാൻ അവർ മടിക്കുന്നത്‌. വെൽഫെയർ സ്ഥാനാർഥികളെ സ്വന്തം ചിഹ്നമായ ‘ഗ്യാസ്‌ കുറ്റി’യിൽ യുഡിഎഫ്‌ ബാനറിൽ മത്സരിക്കാൻ അനുവദിച്ചിട്ടും സഖ്യമോ, ധാരണയോ ഇല്ലെന്നാണ്‌‌‌ യുഡിഎഫ്‌ നേതാക്കൾ ആവർത്തിക്കുന്നത്‌. അയിത്തം വാക്കിൽമാത്രം, വോട്ടിലില്ല.   മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ ജമാഅത്തെ ബന്ധത്തിന്‌ തിരികൊളുത്തിയത്‌. യുഡിഎഫിന്‌ പുറത്തുള്ള പാർടികളുമായും സഖ്യമുണ്ടാക്കുമെന്നായിരുന്നു പരസ്യ പ്രഖ്യാപനം. അതും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മാസങ്ങൾക്കുമുമ്പ്‌. ജനറൽ സെക്രട്ടറി കെ പി എ മജീദും‌ അത്‌ ശരിവച്ചു. കോൺഗ്രസ്‌ നേതാക്കൾ സമ്മതവുംമൂളി. വാർത്തകളും ചർച്ചകളും കനത്തപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സഖ്യത്തെ തള്ളിപ്പറഞ്ഞു. ഇതിനിടെ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ നിലമ്പൂരിൽ ജമാഅത്തെ അമീറിനെ നേരിൽ കണ്ട്‌ സഹായമഭ്യർഥിച്ചു. എന്നിട്ടും തീവ്രവാദബന്ധം സമ്മതിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. കെപിസിസി ഉന്നതാധികാര സമിതി ചേർന്ന്‌ മുന്നണിക്ക്‌ പുറത്തുള്ളവരുമായി രഹസ്യ ബാന്ധവമാകാമെന്ന്‌ തീരുമാനിച്ചു. അപ്പോഴും ജമാഅത്തെ സഖ്യം മറയ്‌ക്കുള്ളിൽതന്നെ.  ഇതിനിടയിൽ ജമാഅത്തെ നേതാക്കളുമായി തെരഞ്ഞെടുപ്പ്‌ ചർച്ചകൾ പൂർത്തിയായിരുന്നു. സീറ്റ്‌ വിഭജനവും നടന്നു.   പ്രചാരണം 
ഒരുമിച്ച്‌ ജില്ലയിൽ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ്‌ ബാനറിലാണ്‌ വെൽഫെയർ മത്സരിക്കുന്നത്‌. വോട്ടഭ്യർഥനയും പ്രചാരണവുമെല്ലാം ഒന്നിച്ച്‌. പലർക്കും ചിഹ്നം ഗ്യാസ്‌ കുറ്റി. ചിലയിടങ്ങളിൽ യുഡിഎഫ്‌ സ്വതന്ത്രർ. ലീഗിന്‌ അനുവദിച്ച സീറ്റിലും വെൽഫെയർ സ്ഥാനാർഥികൾ രംഗത്തെത്തി. ജമാഅത്തെ, വെൽഫെയർ ജില്ലാ, പ്രാദേശിക നേതാക്കൾവരെ മത്സര രംഗത്തുണ്ട്‌.  ജമാഅത്തെ ബന്ധത്തെക്കുറിച്ച്‌ ചോദിച്ചാൽ ലീഗ്‌ നേതാക്കൾ ഇപ്പോഴും ഉരുണ്ടുകളിക്കും–-പ്രാദേശികതലത്തിൽ മുന്നണിക്ക്‌ പുറത്തുള്ളവരെയും പങ്കാളിയാക്കാമെന്ന ന്യായംപറഞ്ഞ്‌. അതിൽ ജമാഅത്തെ ഉൾപ്പെടുമോ എന്ന്‌ വ്യക്തമാക്കാൻ  ലീഗിന്‌ ധൈര്യംപോര. സമസ്‌തയും മുജാഹിദ്‌ വിഭാഗങ്ങളുമെല്ലാം എതിർക്കുന്നത്‌ ലീഗിനെ ഭയപ്പെടുത്തുന്നുമുണ്ട്‌. ചുരുക്കത്തിൽ വോട്ട്‌ വേണം, ചീത്തപ്പേര്‌ വേണ്ട എന്നതാണ്‌ ലീഗ്‌ നിലപാട്‌.  അതേസമയം, കൂട്ടത്തിൽ കൂട്ടാൻ പാടില്ലാത്തവരാണെന്ന ചർച്ച പൊടിപൊടിക്കുമ്പോഴും യുഡിഎഫിൽ ചാരി നാല്‌ വോട്ട്‌ കിട്ടുമോ എന്നതിലാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ  നോട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top