മത്സ്യത്തൊഴിലാളി
ഫെഡറേഷൻ (സിഐടിയു) ജാഥ മലപ്പുറം ജില്ലയിലെ
പര്യടനം പൂർത്തിയാക്കി
പൊന്നാനി/ തിരൂർ
കടലോര മക്കളുടെ സ്‌നേഹവായ്‌പുകൾ ഏറ്റുവാങ്ങി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട ജാഥ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ‘കടൽ കടലിന്റെ മക്കൾക്ക്’ മുദ്രാവാക്യമുയർത്തി ഒക്ടോബർ 16ന് സംഘടിപ്പിക്കുന്ന കടൽസംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമുള്ള ജാഥ ബുധനാഴ്‌ച തൃശൂർ ജില്ലയിൽ പര്യടനം നടത്തും.
ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥ ചൊവ്വാഴ്‌ച പുറത്തൂർ കാട്ടിലപ്പള്ളിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമേ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, വി വി രമേശ്, കെ പി രമേശൻ, പി കെ ഖലീമുദ്ദീൻ, കെ എ റഹീം, ശ്രീംജി എന്നിവർ സംസാരിച്ചു.
കടലും കടൽസമ്പത്തും സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രനയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് 16ന് കാഞ്ഞങ്ങാട്ടുനിന്ന് പര്യടനം തുടങ്ങിയ ജാഥ ഒക്ടോബർ 13ന് തിരുവനന്തപുരം പൂന്തുറയിൽ സമാപിക്കും. കാട്ടിലപ്പള്ളിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ് അധ്യക്ഷയായി. സി പി ഹംസകോയ സ്വാഗതം പറഞ്ഞു. ജെട്ടിലൈനിൽ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി ഒ ശ്രീനിവാസൻ അധ്യക്ഷനായി. കെ ടി പ്രശാന്ത് സ്വാഗതം പറഞ്ഞു.
പൊന്നാനി ബസ് സ്‌റ്റാൻഡിലെ സ്വീകരണയോഗത്തിൽ സി പി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. പി കെ ഷാഹുൽ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. വെളിയങ്കോട് പി എം ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായി. ടി എം ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു.
പെരുമ്പടപ്പ് പാലപ്പെട്ടിയിൽ നടന്ന സമാപന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. ഇ ജി നരേന്ദ്രൻ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ സംസാരിച്ചു. വി ബി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..