08 December Friday
തിരൂർ നഗരസഭാ യോഗം

‘ഇറങ്ങിപ്പോടാ’ എന്ന് ചെയർപേഴ്സൺ, 
കൗൺസിലിൽ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Wednesday Sep 27, 2023
 
 
തിരൂർ
തിരൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങളെ അപമാനിച്ച ചെയർപേഴ്സണെതിരെ പ്രതിഷേധം. "ഇറങ്ങിപ്പോടാ' എന്ന ചെയർപേഴ്സന്റെ "ആജ്ഞ' ബഹളത്തിനിടയാക്കി. തിരൂർ നഗരസഭാ ട്രഞ്ചിങ്‌ ഗ്രൗണ്ടിൽ മലം മാലിന്യ ശുചീകരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ്‌ സംഭവം. 
ശാസ്ത്രീയ നടപടികളെടുക്കാതെ ചീഞ്ഞ പച്ചക്കറികളും പഴവർഗങ്ങളുമടക്കം ലോഡ് കണക്കിന്‌ തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളം മലിനമാക്കുന്നതായും നാട്ടുകാരുടെ ജീവിതം ദുരിതപൂർണമാണെന്നും കൗൺസിലർ പി സീതാലക്ഷ്മി പറഞ്ഞു. നിലവിലെ അവസ്ഥക്ക് മാറ്റംവരാതെ വീണ്ടും മറ്റൊരു പദ്ധതി പൊറ്റിലത്തറയിൽ സ്ഥാപിക്കുന്ന അജൻഡ മാറ്റിവയ്‌ക്കണമെന്ന്  പി സീതാലക്ഷ്മി ആവശ്യപ്പെട്ടു. മിർഷാദ് പാറയിലും നഗരത്തിലെ മാലിന്യപ്രശ്നത്തിൽ വിമർശം ഉന്നയിച്ചു. തുടർന്ന്  എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ അഡ്വ. എസ് ഗിരീഷ് വിഷയത്തിൽ സംസാരിക്കാൻ തുടങ്ങിയതോടെ ചെയർപേഴ്സൺ എ പി നസീമ പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടെയാണ്‌ പ്രതിപക്ഷ മെമ്പർമാരോട് ‘ഇറങ്ങിപ്പോടാ’ എന്ന ചെയർപേഴ്സന്റെ "ആജ്ഞ'. 
ഇതിനെതിരെ പ്രതിപക്ഷാംഗങ്ങളായ സി നജീബുദ്ദീൻ, വി നന്ദൻ, കെ പി ജഫ്സൽ, മിർഷാദ് പാറയിൽ, എസ് ഷബീറലി, ടി കെ യാസീൻ, അനിത കല്ലേരി എന്നിവർ രംഗത്തുവന്നു. ചെയർപേഴ്സൺ മാപ്പുപറയണമെന്ന്‌ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ചെയർപേഴ്സൺ പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിക്കാനാണ് മുതിർന്നത്. ചെയർപേഴ്സണെ പിന്തുണക്കാൻ കെ അബുബക്കർ ഒഴികെ വേറെ കൗൺസിലർമാരും തയ്യാറായില്ല. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്കരിച്ച്  ഇറങ്ങിപ്പോയി. നഗരസഭ പ്രദേശത്തെ തെരുവ് വിളക്കുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പന്തംകത്തിച്ച് പ്രകടനം നടത്തി. സിറ്റി ജങ്‌ഷനിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ അഡ്വ. എസ് ഗിരീഷ് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top