07 December Thursday

മലയോരക്കാഴ്ചയില്‍ 
മനംനിറഞ്ഞ് സഞ്ചാരികള്‍

എം സനോജ്‌Updated: Wednesday Sep 27, 2023

കോഴിപ്പാറ വിനോദകേന്ദ്രത്തിലെത്തിയ സഞ്ചാരികള്‍

 
നിലമ്പൂർ
കാട്ടരുവിയുടെ തെളിമയും കാടിന്റെ വശ്യതയും കോടമഞ്ഞും അനുഭവിക്കാന്‍ സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രളയവും കോവിഡും തകർത്ത മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികളുടെ സന്ദർശനത്താൽ വീണ്ടുമുണര്‍ന്നു. നിലമ്പൂർ തേക്ക് മ്യൂസിയത്തിലാണ് ഏറ്റവും കൂടുതലാളുകളെത്തിയത്. ഒന്നരവർഷംകൊണ്ട്  5,65,695 പേര്‍ തേക്ക് മ്യൂസിയം കണ്ടു. കനോലി ഇക്കോ ടൂറിസം കേന്ദ്രം 2,10,013 പേര്‍ സന്ദർശിച്ചു. കോവിഡിലും പ്രളയത്തിലും മാസങ്ങളോളം അടഞ്ഞുകിടന്ന കേന്ദ്രങ്ങളാണിത്. നെടുങ്കയത്തും കനോലിയിലും പ്രളയവും തിരിച്ചടിയായിരുന്നു. കനോലിപ്ലോട്ടിലെ തൂക്കുപാലം പ്രളയത്തില്‍ തകർന്നു. ഇത് പുനഃസ്ഥാപിക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. 
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ ജില്ലയിലെ മലയോര കേന്ദ്രങ്ങളിലേക്കെത്തുന്നുണ്ട്. ജൂൺ, ജൂലൈ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ആളുകള്‍ കൂടുതല്‍. കക്കാടംപൊയിലും ഇവരുടെ ഇഷ്ടകേന്ദ്രമാണ്. അവിടുത്തെ കോടമഞ്ഞും തണുപ്പും അനുഭവിക്കാൻ നിരവധിയാളുകള്‍ മലകയറുന്നു. പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ചാലിയാറിന്റെ വിദൂരക്കാഴ്ചയും നെടുങ്കയത്തെ മഴക്കാടും കുരിശുപാറയിലെ കുന്നിൻചെരിവിലൂടെയെത്തുന്ന കോടമഞ്ഞും വേറിട്ട അനുഭവമാണ്. തേക്ക് മ്യൂസിയം, കനോലിപ്ലോട്ട്, നെടുങ്കയം, കോഴിപ്പാറ, ബം​ഗ്ലാവ് കുന്ന്, കൊടികുത്തിമല എന്നിവയും  മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്. തേക്ക് മ്യൂസിയം ഒഴികെ ബാക്കിയെല്ലാം വനംവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 
 

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 
എത്തിയവരുടെ എണ്ണവും വരുമാനവും 

(2022- ജനുവരിമുതൽ 2023 ആഗസ്‌ത്‌  30 വരെ)
 
നെടുങ്കയം                                   82,614               42,12,730
കൊടികുത്തിമല                              1,44,339            45,32,800
ബം​ഗ്ലാവ് കുന്ന്                           92,854               39,53,250
തേക്ക് മ്യൂസിയം                         5,65,695           2,58,47108
കനോലിപ്ലോട്ട്                             2,10,013            92,38,966
ആഢ്യൻപാറ                             1,37,698           13,76,980
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top