25 April Thursday

ഔഷധസസ്യങ്ങളിലെ രാസഘടകങ്ങൾ 
അർബുദ ചികിത്സക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ജോഹന്നാസ്‌ബർഗ്‌ സർവകലാശാലയിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ബ്ലാസൻ ജോർജ് കോട്ടക്കൽ ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണ കേന്ദ്രം സന്ദർശിച്ചപ്പോൾ. ഡോ. ഇന്ദിര ബാലചന്ദ്രൻ, ഡോ. സി ടി സുലെെമാൻ എന്നിവർ സമീപം

വേങ്ങര
ഔഷധസസ്യങ്ങളിലെ രാസഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നൂതന അർബുദ ഗവേഷണ പദ്ധതികൾക്കായി കോട്ടക്കൽ ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണ കേന്ദ്രവും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗ്‌ സർവകലാശാലയും കൈകോർക്കുന്നു. 
ഫോട്ടോ ഡൈനാമിക്‌ തെറാപ്പിയിൽ ഔഷധസസ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതാണ്‌ പദ്ധതി. മരുന്നും പ്രകാശതരംഗങ്ങളും സമന്വയിപ്പിച്ച്‌ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ്‌ ഫോട്ടോ ഡൈനാമിക്‌ തെറാപ്പി.  ജോഹന്നാസ്ബർഗ് സർവകലാശാലയിലെ ലേസർ റിസർച്ച് സെന്റർ അസോസിയറ്റ് പ്രൊഫസർഡോ.  ബ്ലാസ്സൻ ജോർജ്‌ ഔഷധസസ്യ ഗവേഷണകേന്ദ്രം  സന്ദർശിച്ചു. ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ  സീനിയർ സയന്റിസ്റ്റ് ഡോ. സി ടി സുലൈമാനും ഡോ. ബ്ലാസ്സൻ ജോർജും ചേർന്നാണ്  നിർദിഷ്ട പദ്ധതി രൂപപ്പെടുത്തിയത്. ഔഷധസസ്യങ്ങളിൽ ഫോട്ടോ ആക്ടീവ് തന്മാത്രകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് അർബുദം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ ചികിത്സക്ക്‌ ഉപയോഗിക്കാമെന്നും ഡോ. സി ടി സുലൈമാൻ പറഞ്ഞു. അനുയോജ്യമായ തരംഗദൈർഘ്യമുള്ള പ്രകാശത്തിൽ സമ്പർക്കം പുലർത്തുമ്പോൾ ഫോട്ടോ ആക്ടീവ് സംയുക്തങ്ങൾ സജീവമാവുകയും വ്യത്യസ്ത പ്രവർത്തനരീതികളാൽ ഇവ അർബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും–-അദ്ദേഹം പറഞ്ഞു.   
ഫോട്ടോഡൈനാമിക് തെറാപ്പി അടിസ്ഥാനമാക്കി നിരവധി ഗവേഷണങ്ങളാണ്  ജോഹന്നാസ്ബർഗ് സർവകലാശാലയിലെ ലേസർ ഗവേഷണ കേന്ദ്രം  ഡയറക്ടർ പ്രൊഫസർ ഹൈഡി  അബ്രഹാംസിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന്‌ ഡോ. ബ്ലാസൻ ജോർജ് പറഞ്ഞു. മാരകമായ അർബുദമുഴകൾ കൈകാര്യംചെയ്യാനുള്ള താരതമ്യേന പുതിയതും വളരെ സാധ്യതയുള്ളതുമായ  സാങ്കേതികതയാണ് ഫോട്ടോഡൈനാമിക് തെറാപ്പി.  സാധാരണ ഉപയോഗിക്കുന്ന രാസസംയുക്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഔഷധ സസ്യങ്ങളിലടങ്ങിയ രാസഘടകങ്ങൾ ഉപയോഗിച്ചുള്ള  ഫോട്ടോഡൈനാമിക് തെറാപ്പി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.  ഈ പഠനവുമായി ബന്ധപ്പെട്ട്‌  ഔപചാരിക ധാരണാപത്രം ഉടൻ ഒപ്പിടുമെന്ന്‌ ഔഷധസസ്യ ഗവേഷണ കേന്ദ്രം  പ്രൊജക്ട്‌ ഡയറക്ടർ ഡോ. ഇന്ദിര ബാലചന്ദ്രൻ അറിയിച്ചു. 
സ്വിറ്റ്‌സർലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന  അന്താരാഷ്ട്ര ജേര്‍ണലായ "മോളിക്യൂൾസി’ ന്റെ പുതിയ ലക്കത്തിൽ ഇതുമായി ബന്ധപ്പെട്ട   ശാസ്ത്രീയ ലേഖനം ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top