26 April Friday
കെഎസ്ആർടിസി ബജറ്റ് ടൂറിസം

സ്വകാര്യ ബസ് ഓടിക്കാൻ വീണ്ടും ശ്രമം;
ജീവനക്കാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലപ്പുറത്ത് സ്വകാര്യ ബസ് ഓടിക്കാൻ ശ്രമിച്ചതിനെതിരെ 
കെഎസ്ആർടിഇഎ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

മലപ്പുറം
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലപ്പുറത്ത് സ്വകാര്യ ബസ് ഓടിക്കാൻ വീണ്ടും ശ്രമം നടത്തിയത്‌ കെഎസ്ആർടിഇഎ(സിഐടിയു)  പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. വെളുപ്പിന് നാലിന്‌ മലപ്പുറത്തുനിന്ന് ഊട്ടിയിലേക്കുള്ള ഉല്ലാസയാത്രക്ക് ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസ് സജ്ജമാക്കാതെ സ്വകാര്യ ബസ് അയക്കാനായിരുന്നു നീക്കം. പ്രതിഷേധം ശക്തമായതോടെ താല്‍ക്കാലികമായി ഒരു ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരെ നിലമ്പൂരിലെത്തിച്ച് അവിടെനിന്ന് അന്തർ സംസ്ഥാന പെർമിറ്റുള്ള ബസിൽ ഊട്ടിക്കുള്ള യാത്ര തുടരുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാർ സർവീസിന് സ്വകാര്യ വാടക ബസ് അയക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നിരുന്നു. 
അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ കെ സന്തോഷ്, പി എസ്‌ മഹേഷ്, ഓർഗനൈസിങ്‌ സെക്രട്ടറി റഷീദ്, മലപ്പുറം ജില്ലാ സെക്രട്ടറി കൈരളീ ദാസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി അനൂപ് മേപ്പയ്യൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അതീവ രഹസ്യമായി കരാറുണ്ടാക്കി ബജറ്റ് ടൂറിസം സ്വകാര്യ വാടക വണ്ടികൾക്ക് കൈമാറാനുള്ള നീക്കമാണ്‌ നടന്നതെന്ന്‌ കെഎസ്ആർടിഇഎ വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്ണൻ പറഞ്ഞു. കൊള്ളരുതായ്മകൾക്ക് മാനേജ്മെന്റിനെ കയറൂരിവിടാനാണോ ഡയറക്ടർ ബോർഡിൽനിന്ന് തൊഴിലാളി പങ്കാളിത്തം ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top