03 July Sunday

രാജ്യം പോരാട്ട പാതയിൽ: മയൂഖ് ബിശ്വാസ്

സി പ്രജോഷ്‌ കുമാർUpdated: Friday May 27, 2022

മയൂഖ്‌ ബിശ്വാസ്‌

പൊരുതുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ യുവമുഖമാണ് മയൂഖ് ബിശ്വാസ്. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. രാജ്യത്തെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങളെയും അവയെ മറികടക്കാനുള്ള കര്‍മ പദ്ധതികളെയും കുറിച്ച് 'ഭേശാഭിമാനി'യോട് സംസാരിക്കുന്നു.
 

? വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും കാവിവൽക്കരണവും ഒരേസമയം പുരോഗമിക്കയാണ്‌. രണ്ടിനെയും ഒരേപോലെ നേരിടുക എളുപ്പവുമല്ല. എങ്ങനെയാണ്‌ ഇതിനെ കാണുന്നത്‌
 
= ആർഎസ്‌എസ്‌ ഹിന്ദുത്വ അജൻഡ തീവ്രമായി നടപ്പാക്കുകയാണ്‌. അവർക്ക്‌ അധികാരമുള്ള സംസ്ഥാനങ്ങളിൽ  നടപ്പാക്കിക്കഴിഞ്ഞു. ഭഗവത്‌ ഗീത പഠിക്കണമെന്ന്‌ നിർബന്ധിക്കുന്നു. സർവകലാശാലകൾക്കുകീഴിൽ ഗോശാലകൾ നിർമിക്കുന്നു. ചരിത്രത്തിനുപകരം മിത്തിനെയും ശാസ്‌ത്രത്തിനുപകരം അന്ധവിശ്വാസത്തെയും പ്രതിഷ്‌ഠിക്കുന്നു.  വിദ്യാഭ്യാസത്തിൽ സംസ്ഥാനത്തിന്റെ പങ്ക്‌ ഇല്ലാതാക്കാനാണ്‌ ശ്രമം. രാഷ്‌ട്രീയമായും ആശയപരമായും സാംസ്‌കാരികമായും സംഘപരിവാർ രാഷ്‌ട്രീയത്തെ തകർത്താൽ മാത്രമേ ഈ വിപത്ത്‌ തടയാനാകൂ. രാജ്യത്തെ വിദ്യാർഥിസമൂഹം അതിനുള്ള സന്ധിയില്ലാസമരത്തിലാണ്‌.  
 
? വിദ്യാഭ്യാസം സാധാരണക്കാരന്‌ അപ്രാപ്യമാകുന്ന സ്ഥിതിയുണ്ട്‌. സംവരണം അട്ടിമറിക്കപ്പെടുന്നു. ദേശസ്‌നേഹം പറയുന്നവർ പഴയ ഫ്യൂഡൽ കാലത്തിലേക്കാണ്‌ രാജ്യത്തെ നയിക്കുന്നത്‌. ഈ അപകടത്തെ എങ്ങനെ നേരിടാം
 
=  പുത്തൻ വിദ്യാഭ്യാസനയം വാണിജ്യവൽക്കരണവും മതവൽക്കരണവുമാണ്‌ ലക്ഷ്യമിടുന്നത്‌. സ്വകാര്യവൽക്കരണം അതിവേഗം പുരോഗമിക്കുന്നു. പിപിപി മോഡൽ വ്യാപിപ്പിക്കുന്നു. പാവപ്പെട്ടവർക്ക്‌ വിദ്യാഭ്യാസം അസാധ്യമാകുന്നു. ഉന്നത വിദ്യാഭ്യാസരംഗം പൂർണമായും വാണിജ്യവൽക്കരിക്കപ്പെട്ടു. വിദേശ സർവകലാശാലകൾ കടന്നുവന്നതോടെ ഫീസ്‌ ഘടന ഭീമമായി ഉയർന്നു. കേന്ദ്ര സർവകലാശാലകളിൽ സംവരണം അട്ടിമറിച്ചു. എസ്‌സി–-എസ്‌ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ ലഭിച്ചിരുന്ന സ്‌കോളർഷിപ്പുകളും ക്വോട്ടയും ട്രൈബൽ ഹോസ്‌റ്റലുകളും നിർത്തലാക്കി. 
 
കോവിഡ്‌ മഹാമാരിക്കുശേഷം  വിദ്യാഭ്യാസ മേഖലയിൽ കൊഴിഞ്ഞുപോക്ക്‌ വർധിച്ചു. ശൈശവവിവാഹം കൂടി. വിദ്യാർഥി ആത്മഹത്യ പെരുകി. സാമ്പത്തികമായി കുടുംബങ്ങൾ തകർന്നു.  ഈ വിഷയങ്ങളെല്ലാം ഭരണാധികാരികൾ ഏറ്റെടുക്കേണ്ടതുണ്ട്‌. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭത്തിനാണ്‌ എസ്‌എഫ്‌ഐ തയ്യാറെടുക്കുന്നത്‌. ആഗസ്‌തുമുതൽ സെപ്‌തംബർവരെ അഗർത്തല, ശ്രീനഗർ, പട്‌ന, മുംബൈ, കന്യാകുമാരി എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന വിദ്യാർഥി റാലി മുഴുവൻ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകും. 
 
?  ഇടതുപക്ഷം ദുർബലമായ സംസ്ഥാനങ്ങളിലാണ്‌ സംഘപരിവാർ അജൻഡ ശക്തമായി നടപ്പാക്കുന്നത്‌. അവരെ നേരിടാൻ രാജ്യത്ത്‌ യോജിച്ച വിദ്യാർഥി പോരാട്ടം ആവശ്യമല്ലേ
 
=  ആർഎസ്‌എസിനെപ്പോലെത്തന്നെ ന്യൂനപക്ഷ തീവ്രവാദ സംഘടനകളെയും നേരിടേണ്ടതുണ്ട്‌. ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ കെ വി സുധീഷിന്റെയും പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെയും പ്രസ്ഥാനമാണ്‌ എസ്‌എഫ്‌ഐ. 
ജനാധിപത്യ വിദ്യാർഥി സംഘടനകളുമായി യോജിച്ച പോരാട്ടത്തിന്‌  എസ്‌എഫ്‌ഐ എല്ലാകാലവും ശ്രമിച്ചിട്ടുണ്ട്‌. ‘യൂണിയൻസ്‌ ഇൻ ആക്ഷൻ’ എന്ന പേരിൽ 24 വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ യോഗം ചേർന്ന്‌ ‘ഓൾ ഇന്ത്യ ഫോറം ടു സേവ്‌ പബ്ലിക്‌ എഡ്യുക്കേഷന്‌’ രൂപംനൽകി. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top