20 April Saturday

സ്‌മരണയിൽ ജ്വലിച്ച്‌ രക്തനക്ഷത്രങ്ങൾ

റഷീദ്‌ ആനപ്പുറംUpdated: Friday May 27, 2022

നെഞ്ചിലിപ്പൊഴും നീറ്റൽ... എസ്‌എഫ്‌ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമ വേദിയിൽ വിതുമ്പുന്ന അഭിമന്യുവിന്റെ അമ്മ ഭൂപതിയെ ഇ കെ ബാലന്റെ അമ്മ ഗംഗ ആശ്വസിപ്പിക്കുന്നു \ഫോട്ടോ: കെ ഷെമീര്‍

 ഏലംകുളം 

‘‘ഇല്ല... ഇല്ല മരിച്ചിട്ടില്ല, ആരുപറഞ്ഞു മരിച്ചെന്ന്‌... ജീവിക്കുന്നു ഞങ്ങളിലിന്നും....’’ പ്രകമ്പനംതീർത്ത്‌ മുദ്രാവാക്യം ഉയർന്നു. പോരാട്ടപാതയിൽ ജീവൻ നൽകിയ മക്കൾ ഇന്നും ഹൃദയങ്ങളിൽ ജ്വലിക്കുന്നത്‌ കണ്ട്‌ അമ്മമാർ. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമത്തിൽ വികാരനിർഭര രംഗങ്ങൾ. ‘
‘എന്റെ മകൻ പ്രസ്ഥാനത്തിനായി ജീവൻ നൽകി. മോൻ പോയെങ്കിലും എനിക്കിന്ന്‌ ഒരുപാട്‌ മക്കളുണ്ട്‌’’–-  രക്തസാക്ഷി ഇ കെ ബാലന്റെ അമ്മ ഗംഗയുടെ ഇടറിയ വാക്കുകൾ സദസ്സ്‌ നെഞ്ചേറ്റി. ‘‘എന്റെ സഹോദരനോടുള്ള കടപ്പാട്‌ നിങ്ങൾ നിർവഹിക്കേണ്ടത്‌ ഈ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്ക്‌ നയിച്ചാണ്‌’’–-രക്തസാക്ഷി കെ സെയ്‌താലിയുടെ സഹോദരൻ കെ അബ്‌ദുൾ റഹ്‌മാന്റെ ആഹ്വാനത്തിന്‌ കൈയടി. രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്‌കലയും സഹോദരൻ അദ്വൈതും വേദിയിലെത്തിയപ്പോഴും സദസ്സ്‌ എഴുന്നേറ്റ്‌ അഭിവാദ്യംചെയ്‌തു. 
മഹാരാജാസ്‌ കോളേജിൽ മതതീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ അമ്മ ഭൂപതി ഇടയ്‌ക്കിടെ വിതുമ്പിയപ്പോൾ തൃശൂർ കേരളവർമ്മ കോളേജിൽ ആർഎസ്‌എസുകാരുടെ കൊലക്കത്തിക്കിരയായ ഇ കെ ബാലന്റെ അമ്മ ഗംഗ കൈകൾ ചേർത്തുപിടിച്ച്‌ ആശ്വസിപ്പിച്ച രംഗം നൊമ്പരമായി.          
രക്തസാക്ഷികളായ പി കെ രാജന്റെ സഹോദരൻ പി കെ ഹരിദാസ്‌, അഭിമന്യുവിന്റെ സഹോദരൻ പാരിജിത്‌, അജയ്‌പ്രസാദിന്റെ സഹോദരി ആര്യ പ്രസാദ്‌, ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജയ്‌മോൻ ആൻഡ്രൂസ്‌, കെ വി റോഷന്റെ അമ്മ നാരായണിഅമ്മ, കൊച്ചനിയന്റെ സഹോദരൻ രാമചന്ദ്രൻ, എ ബി ബിജേഷിന്റെ സഹോദരൻ ബിനേഷ്‌ എന്നിവരും സംഗമത്തിനെത്തി.  സംഗമം എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ ഉദ്‌ഘാടനംചെയ്‌തു. ഫാസിസത്തിന്‌ ആളെ കൂട്ടാൻ വർഗീയ ശക്തികളെ ഉപയോഗിക്കുകയാണ്‌ സംഘപരിവാറെന്ന്‌ അദ്ദേഹം പറഞ്ഞു. 
  എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ എന്നിവർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത്ത്‌പ്രസാദ്‌ രക്തസാക്ഷി കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്‌ സ്വാഗതവും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ ശരത്ത്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top