23 April Tuesday

ആശ്വാസം വിളയുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 മലപ്പുറം

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകിയ സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ.  മലയോര മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്‌. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി കർഷകർക്കും പരിക്കേറ്റു. രണ്ടുവർഷത്തിനിടെ കാട്ടുപന്നികളുടെ വംശവർധന വലിയതോതിൽ ഉയർന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. 
കഴിഞ്ഞവർഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി ലഭിച്ചശേഷം ജില്ലയിൽ 90 കാട്ടുപന്നികളെ വനംവകുപ്പ് വെടിവച്ചുകൊന്നിട്ടുണ്ട്. സൗത്ത് ഡിവിഷനിൽ 46ഉം നോർത്ത് ഡിവിഷനിൽ 44ഉം കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. തോക്ക് ലൈസൻസുള്ള 27 പേർക്കാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളിലായി കാട്ടുപന്നികളെ വെടിവയ്‌ക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുള്ളത്.
 
കാർഷിക മേഖലക്ക് പുത്തൻ ഉണർവ്‌
കാട്ടുപന്നികൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.  ഇവയുടെ ശല്യം കാരണം  പലരും കൃഷി ഉപേക്ഷിച്ചു.  കാട്ടുപന്നികളുടെ എണ്ണം വർധിച്ചതോടെ ആളപായത്തിനും  കാരണമായി. സർക്കാറിന്റെ പുതിയ തീരുമാനം കാർഷിക മേഖലക്ക് പുത്തനുണർവ്‌ നൽകും. അപകടങ്ങളും ആക്രമണങ്ങളും കുറയും.
പൊറ്റയിൽ സുബ്രഹ്മണ്യൻ,
വൈസ് പ്രസിഡന്റ്, ചേലോട് പാടശേഖര സമിതി, അമരമ്പലം.
 
തീരുമാനം ജനകീയം
കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ തീരുമാനം കൂടുതൽ ജനകീയമാണ്. ഇതുവരെ ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. പുതിയ നിയമത്തിൽ ജനപ്രതിനിധികൾ ഉൾപ്പെട്ടതോടെ കാട്ടുപന്നിമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഉടൻ  പരിഹരിക്കാൻ കഴിയും. 
മാത്യു കിഴക്കേകര, മലയോര കർഷക 
കൂട്ടായ്മാ പ്രതിനിധി, കാളികാവ്.
കൃത്യമായ പരിഹാരം 
ഉറപ്പാക്കാനാകും
സർക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ കൃഷിക്കും മനുഷ്യജീവനും  ഭീഷണിയാകുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള വഴി തെളിഞ്ഞിരിക്കയാണ്. തദ്ദേശ സ്ഥാപനങ്ങളെ  ഉൾപ്പെടുത്തിയുള്ള ഈ തീരുമാനം സ്വാഗതാർഹമാണ്‌. ഒരോ മേഖലയെയും അറിയുന്നവരിലൂടെ കൃത്യമായ പരിഹാരം ഉറപ്പാക്കാനാകും.
മാനുവൽ ജോസഫ് തൊഴുത്തിങ്കൽ,
കർഷക പ്രതിഭ പുരസ്കാരം നേടിയ വിദ്യാർഥി. 
 
കർഷകർക്ക് ഏറെ പ്രയോജനം
കാട്ടുപന്നികളെ  വെടിവയ്‌ക്കുന്നതിന് പഞ്ചായത്തുകൾക്ക് നൽകിയ അനുമതി കർഷകർക്ക്  ആശ്വാസമാകും. കാട്ടുപന്നിശല്യം മലയോര മേഖലയിൽ  വ്യാപകമാണ്‌. കാട്ടുപന്നിയെ വെടിവയ്‌ക്കാൻ എല്ലായിടത്തും ലൈസൻസുള്ളവർ ഉണ്ടായിരുന്നില്ല. ലൈസൻസുള്ളവർ അവരുടെ സൗകര്യത്തിന്‌  പ്രവർത്തിക്കുന്ന സ്ഥിതിയും. പുതിയ തീരുമാനം കർഷകർക്ക് ഏറെ പ്രയോജനപ്പെടും.
വി എം അബ്ദുൾ റഷീദ് (വാപ്പുട്ടി),  കർഷകൻ, മഞ്ഞപ്പെട്ടി, ചോക്കാട്.
 
നല്ല ശ്രമം 
കൃഷി ഇല്ലാതാക്കിയും ജനങ്ങൾക്ക് ഭീഷണിയായും നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ  ഇല്ലാതാക്കാനുള്ള പുതിയ തീരുമാനം കർഷകർക്ക് ഗുണകരമാകും. കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള  അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിലൂടെ അതത്‌ പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താനാകും. 
 മുല്ലേരി സുബ്രഹ്മണ്യൻ, കർഷകൻ,  പെരുമ്പത്തൂർ.
 
മികച്ച തീരുമാനം
കർഷകർക്കുവേണ്ടി അടുത്ത കാലത്ത് സംസ്ഥാന സർക്കാർ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ് കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകിയ ഉത്തരവ്. അനിയന്ത്രിതമായ ഇവയുടെ വംശവർധന കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. വൈകിയാണെങ്കിലും സർക്കാരിന്റെ നടപടി  സ്വാഗതാർഹമാണ്.
 കുര്യാച്ചൻ പുതൂർ,  കർഷകൻ, വെറ്റിലപ്പാറ.
 
തർക്കങ്ങൾക്കും അറുതിവരും
കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടിയ കർഷകർക്കും ജനങ്ങൾക്കും ഈ തീരുമാനം ആശ്വാസകരമാണ്. ‘കാട്ടുപന്നി’ പറയുന്നതുതന്നെ അർഥശൂന്യമായി. കാരണം നാട്ടിലെങ്ങും പന്നിശല്യമാണ്.  വനംവകുപ്പ്‌ അധികൃതരും കർഷകരും തമ്മിലുള്ള തർക്കങ്ങൾക്കും  ഇതോടെ അറുതിവരും. തക്കസമയത്തെ യുക്തമായ തീരുമാനം സർക്കാറിനെ ജനകീയമാക്കും.  
തോമസ് പോൾ, കർഷകൻ, വെറ്റിലപ്പാറ.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top