24 April Wednesday
ജില്ലയില്‍ 104 കേന്ദ്രങ്ങളില്‍ സമൂഹ അടുക്കള

സ്‌നേഹസ്വാദിന്റെ പാഥേയം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
മലപ്പുറം
ജില്ല കുടുംബശ്രീ മിഷൻ ഓഫീസ്‌ മുറ്റത്തെ ചെറു പന്തലിൽ കലവറ ഒരുങ്ങി. പാചകപ്പുരകളിലെ പതിവ്‌ ബഹളമില്ല, ആളും കുറവ്‌. എന്നാൽ എല്ലാ ചിട്ടവട്ടങ്ങളും കൃത്യം. വെപ്പും വിളമ്പും വെടിപ്പോടെ. അടുപ്പുകൂട്ടാനും കറിക്കരിയാനും തേങ്ങചിരണ്ടാനും മിഷൻ ജീവനക്കാർ.  ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയടങ്ങിയ  ഭക്ഷണപ്പൊതിയാണ്‌ ഇവിടെനിന്ന്‌ നൽകുന്നത്‌. ജില്ലയിലെ 104 തദ്ദേശ സ്ഥാപനങ്ങളിലും ഇതുപോലെ സമൂഹ അടുക്കളകൾ സജ്ജം. 
സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം മലപ്പുറം ഏറ്റെടുത്തു.  
    ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 20 രൂപയുടെ ഊണ്‌ കോവിഡ്‌ പ്രതിരോധകാലത്ത്‌ സിവിൽ സ്‌റ്റേഷനിൽ സാക്ഷാല്‍ക്കരിക്കുകയായിരുന്നു കുടുംബശ്രീ. തദ്ദേശ സ്ഥാപനങ്ങൾ ജനകീയ ധനസമാഹരണത്തിലൂടെ  അതിഥി തൊഴിലാളികൾക്കും വയോധികർക്കും ഒറ്റപ്പെട്ടുകഴിയുന്നവർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും സൗജന്യ ഭക്ഷണമെത്തിക്കാൻ തുടങ്ങി. പൊന്നാനി, പെരിന്തൽമണ്ണ നഗരസഭയിലും വേങ്ങരയിലും  ഇത്‌ നേരത്തെ ആരംഭിച്ചു.  കരുതലിന്റെ കരങ്ങളിൽ പൊതിഞ്ഞ്‌ 1000ലധികം പേർക്ക്‌ ആദ്യദിനങ്ങളിൽ ഭക്ഷണം എത്തിച്ചു.  കോവിഡ്‌ കെയർ സെന്ററായ  കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് ഹൗസ്, സമീപത്തെ സ്വകാര്യ ഹോട്ടൽ എന്നിവിടങ്ങളിലും  സർക്കാർ നിർദേശപ്രകാരം സമൂഹ അടുക്കള ഒരുക്കി. 
  നിലമ്പൂർ, കോട്ടക്കൽ നഗരസഭാ പരിധിയിൽ വിപുല സംവിധാനം ഉടൻ തുടങ്ങും.  ജില്ലാ  കൺട്രോൾ റൂമിലേക്ക് മാത്രം കുടുംബശ്രീ പ്രവർത്തകർ ഭക്ഷണപ്പൊതികൾ നേരിട്ടെത്തിക്കും. മറ്റ് ഓഫീസുകളിൽ ജോലിചെയ്യുന്നവർക്ക്‌  കുടുംബശ്രീ  ഓഫീസിലെത്തി ഭക്ഷണപ്പൊതി കൈപ്പറ്റാം.  ഐസൊലേഷൻ വാർഡുകളിൽ നാല് നേരവും പോഷകസമൃദ്ധമായ ഭക്ഷണമാണ് വിതരണംചെയ്യുന്നത്. 
പഞ്ചായത്ത്, നഗരസഭാ അടുക്കളകളിൽ തയ്യാറാക്കുന്ന വിഭവങ്ങൾ ട്രോമാ കെയറടക്കമുള്ള സന്നദ്ധ സംഘടനാ പ്രവർത്തകർ മുഖേനയാണ് ആവശ്യക്കാരിലേക്കെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സി കെ ഹേമലത പറഞ്ഞു.   ഭക്ഷണം പാകംചെയ്യാൻ അഞ്ചിൽ കൂടുതൽ പേർ കൂടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top