29 March Friday

പൊന്നുതേടി പുഴയോരത്ത്‌

എം സനോജ്‌Updated: Saturday Feb 27, 2021

ചാലിയാര്‍ പുഴയില്‍ പൊന്നരിക്കുന്ന വെളുത്ത വെള്ളന്‍

 

 
നിലമ്പൂർ
പൊന്നുതേടി ആദിവാസികൾ വീണ്ടും നദീ തീരത്തേക്ക്‌. ചാലിയാർ, പാണ്ടിപ്പുഴ, പുന്നപ്പുഴ, മരുതപ്പുഴ, മണ്ണിച്ചീനിപ്പുഴ എന്നിവിടങ്ങളിലാണിത്‌. സ്വർണനിക്ഷേപമുള്ള മരുതമലയിൽനിന്ന്  ഒഴുകിയെത്തുന്ന പൊന്നിൻതരികൾ അരിച്ചെടുക്കുകയാണ്‌ ഇവർ. ഒരുദിവസം ചുരുങ്ങിയത് 500 മുതൽ 1000 രൂപവരെ വിലയുള്ള സ്വർണത്തരികൾ ലഭിക്കുന്നുവെന്ന്‌ ചെമ്പൻകൊല്ലി കോളനിയിലെ വെളുത്ത വെള്ളൻ പറഞ്ഞു.  പ്രളയശേഷം ചാലിയാറിലും പോഷകനദികളിലും സ്വർണ നിക്ഷേപം വർധിച്ചതായും ആദിവാസികൾ പറയുന്നു. 
സ്വർണം അരിക്കൽ ഇങ്ങനെ
മരുതിന്റെയും വാകയുടെയും മരം ഉപയോഗിച്ച് പണിയുന്ന മരവി ഉപയോഗിച്ചാണ്‌ സ്വർണമരിക്കൽ. ഇതിന്‌  10,000 രൂപവരെ വില വരും. നേരിയ സ്വർണത്തരികൾ അടിഞ്ഞുകൂടാൻ പാകത്തിൽ നടുഭാഗത്ത് ചെറിയ കുഴിയോടുകൂടിയാണ് മരവി പണിയുന്നത്. പുഴയുടെ ആഴങ്ങളിൽ മുങ്ങി മരവിയിൽ കോരിയെടുക്കുന്ന മണലിൽ സ്വർണത്തരികളുണ്ടാകും. കരയുടെ അടുത്തെത്തി മണലും കല്ലും അരിച്ചുമാറ്റും. അവശേഷിച്ച കറുത്ത നിറമുള്ള മിശ്രിതത്തിലാണ് പൊന്നിന്റെ തരികൾ കാണപ്പെടുന്നത്. അതിൽ മെർക്കുറി ചേർത്ത് തുണിയിൽകെട്ടി വിളക്കിന്റെ ദീപനാളത്തിൽ കത്തിക്കും. സ്വർണത്തരികൾ ഒരുമിച്ചു ചേർന്ന് കട്ടയായി മാറും. 
ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ 
1993-–---94 വർഷങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വകുപ്പ് നടത്തിയ പഠനത്തിൽ നിലമ്പൂർ മരുതയിലെ 250 ഹെക്ടർ വനഭൂമിയിൽ സ്വർണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. മരുത മണ്ണിച്ചീനിയിൽ രണ്ട് കിണറുകൾ കുഴിച്ചായിരുന്നു പഠനം. കേന്ദ്ര ഖനിമന്ത്രാലയം മരുതയുടെ സ്വർണ നിക്ഷേപത്തെക്കുറിച്ചുള്ള പഠനത്തിന് 1.75 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, വിശദ പഠനം നടന്നില്ല. പുഴകളിലെ സ്വർണത്തിന്റെ അളവ് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പഠനത്തിനൊരുങ്ങുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top