04 December Monday

കാത്തിരിപ്പുണ്ട്‌... പ്രിയപ്പെട്ടവർ

ഒ വി സുരേഷ്‌Updated: Tuesday Sep 26, 2023
നവംബറിലെ മൂന്നാം ഞായർ നിരത്തുകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിനമായി ലോകമെങ്ങും ആചരിക്കുകയാണ്‌. വർധിക്കുന്ന റോഡപകടങ്ങളെയും അതുമൂലമുണ്ടാകുന്ന മരണങ്ങളെയും കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കാൻ 1995ൽ ആദ്യമായി ഈ ദിനം ആചരിച്ചു
 
 
കുഞ്ഞിന്റെ പിറന്നാളിന്‌ ഉടുപ്പ്‌ വാങ്ങാൻ ഇപ്പോൾ വരാമെന്ന്‌ പറഞ്ഞ്‌ പോയയാൾ ജീവനോടെ തിരിച്ചുവന്നില്ല... ഇതുപോലെ നിരത്തുകളിലെ അപകടങ്ങളുടെ എത്രയെത്ര അനുഭവങ്ങൾ. സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വീടുകളിൽ കാത്തിരുന്ന പ്രിയപ്പെട്ടവർക്ക്‌ സങ്കടകരമായ ഓർമകൾമാത്രം നൽകിയവരേറെ. 
ലോകത്ത്‌ പ്രതിവർഷം 13 ലക്ഷത്തിലേറെ ജീവൻ നിരത്തുകളിൽ പൊലിയുന്നതായി യൂറോപ്യൻ ഫെഡറേഷൻ ഓഫ്‌ റോഡ്‌ ട്രാഫിക്‌ വിക്‌റ്റിംസി (എഫ്‌ഇവിആർ)ന്റെ പഠനത്തിൽ പറയുന്നു. ഇന്ത്യയാണ്‌ മുന്നിൽ. 2021ൽ 1,55,622 പേർ ഇന്ത്യയിൽ മരിച്ചു. ലോകത്താകെയുള്ള കണക്കിന്റെ 12 ശതമാനം. ഇന്ത്യയിൽ ഓരോ മണിക്കൂറിലും 53 റോഡപകടങ്ങൾ ഉണ്ടാവുകയും ഓരോ നാലുമിനിറ്റിലും ഒരാൾ മരിക്കുകയുംചെയ്യുന്നതായാണ്‌  ലോകബാങ്കിന്റെ റിപ്പോർട്ട്‌. 10 വർഷംകൊണ്ട്‌ 13 ലക്ഷം പേർ രാജ്യത്ത്‌ മരിച്ചു. റോഡപകടംമൂലമുണ്ടാകുന്ന നഷ്ടം 5.96 ലക്ഷം കോടിയാണ്‌. ജിഡിപിയുടെ 3.14 ശതമാനം വരുമിത്‌. 
സംസ്ഥാനത്ത് കഴിഞ്ഞവർഷം റോഡപകടങ്ങളിൽ 4317 ജീവൻ നഷ്ടമായതായി പൊലീസിന്റെ കണക്കുകൾ പറയുന്നു. 43,910 അപകടങ്ങളുണ്ടായി. 49,307 പേർക്ക്‌ പരിക്കേറ്റു. 2019ൽ 4440 പേരും കോവിഡ്‌ കാലമായ 2020ൽ 2979 പേരും മരിച്ചു. ഈ വർഷം ജൂലൈവരെ 2422 പേർ മരിക്കുകയും 31939 പേർക്ക്‌ പരിക്കേൽക്കുകയുംചെയ്‌തു. 
 
കേൾക്കണം, മുസ്തഫയുടെ കഥ
1994 മാർച്ച്‌ 27. തന്റെ ബേക്കറിയിലേക്ക്‌ സാധനങ്ങൾ എടുക്കാൻ മലപ്പുറത്തേക്ക്‌ പോകാനാണ്‌ ആ 28 വയസ്സുകാരൻ കോഡൂരിൽനിന്ന്‌ ഓട്ടോയിൽ കയറിയത്‌. അപ്പോൾ സമയം പകൽ 11.30 കഴിഞ്ഞതേയുള്ളു. നൂറാടി പാലം കഴിഞ്ഞപ്പോൾ ഒരു ബസിനെ മറികടക്കുകയായിരുന്ന ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ചു. 
റോഡിലേക്ക്‌ തെറിച്ചുവീണ യുവാവിന്‌ അധികം പരിക്കൊന്നും കാണാനില്ലായിരുന്നു. ജീപ്പിൽ മടക്കിയിരുത്തി ആരൊക്കേയോ ചേർന്ന്‌ ഏറ്റവും അടുത്ത ഓർക്കിഡ്‌ ആശുപത്രിയിലെത്തിച്ചു. തലച്ചോറിലേക്കുള്ള സ്‌പൈനൽ കോഡ്‌ പൊട്ടിയിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, മണിപ്പാൽ ആശുപത്രികളിലായിരുന്നു പിന്നെ ചികിത്സ. ലക്ഷക്കണക്കിന്‌ രൂപ ഇതിനകം ചെലവായിരുന്നു.
അപകടം വീൽചെയറിലാക്കിയ ഈ മനുഷ്യനെ ഇന്ന്‌ കേരളം അറിയും. 
അപകടമുണ്ടായപ്പോൾ തോരപ്പ മുസ്‌തഫയുടെ മകന്‌ മൂന്നുവയസ്സായിരുന്നു. ഇപ്പോൾ അവന്‌ 32 ആയി. കുഞ്ഞിന്റെ കളിചിരികൾ കണ്ട്‌ ഒന്നരവർഷം കട്ടിലിൽ കഴിച്ചുകൂട്ടി. പിന്നീട്‌ മുച്ചക്ര സ്‌കൂട്ടർ വാങ്ങി അതിൽ സീറ്റിലിരുന്ന്‌ കാൽകെട്ടിവച്ചായി യാത്ര. 
ഒരിക്കൽ കെട്ടഴിഞ്ഞു കാൽ റോഡിൽ വീണു. റോഡിലുരഞ്ഞ്‌ കാൽ ചെത്തിപ്പോയെങ്കിലും അരയ്‌ക്കുതാഴെ സ്‌പർശനശേഷി ഇല്ലാത്തതിനാൽ  മുസ്‌തഫ അറിഞ്ഞില്ല. മുച്ചക്രവാഹനം ഒഴിവാക്കി കാറിൽ പോകണമെന്ന്‌ മുസ്‌തഫ ആഗ്രഹിച്ചു. 
1996ൽ കിടപ്പിലായവർക്കുവേണ്ടിയുള്ള കാർ ഡിസൈൻ ചെയ്‌തു. 1999 ജനുവരി ഒന്നിന്‌ എല്ലാ നിയന്ത്രണവും കൈയിൽതന്നെയുള്ള കാറുമായി മുസ്‌തഫ റോഡിലിറങ്ങി. 2001ൽ സാമൂഹ്യനീതി വകുപ്പ്‌ ഡിസൈനർക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. കടന്നമണ്ണയിൽ മുച്ചക്രമുപയോഗിക്കുന്നവർക്കായി കാർ ഡിസൈൻ യൂണിറ്റുണ്ട്‌ മുസ്‌തഫയ്‌ക്ക്‌.
 
5 വർഷം; 1589 മരണം
2018 മുതൽ 2022 വരെ കേരളത്തിലെ റോഡപകടങ്ങളിൽ 9.28 ശതമാനം വർധനയെന്നാണ്‌ എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പ്‌ പുറത്തിറക്കിയ "റോഡ്‌ ആക്‌സിഡന്റ്‌സ്‌ ഇൻ കേരള 2018–-2022' റിപ്പോർട്ടിലുള്ളത്‌.  മണിക്കൂറിൽ ശരാശരി അഞ്ച് റോഡപകടങ്ങൾ, 12 മരണം. 
മലപ്പുറം ജില്ലയിൽ 11,907 അപകടങ്ങളുണ്ടായി. 1589 പേർ മരിച്ചു. 14,727 പേർക്ക്‌ പരിക്കുപറ്റി. അപകടത്തിന്റെ 67 ശതമാനവും ഡ്രൈവറുടെ പിഴവിൽനിന്നുണ്ടായതാണ്‌. മോശം റോഡ്‌ എന്ന പരാതിയുയരാറുണ്ടെങ്കിലും ഇത്‌ കാൽശതമാനംപോലുമില്ല (0.151 ശതമാനംമാത്രം). 
2020ലും 2021ലും സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടായ ജില്ല മലപ്പുറമെന്നാണ്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്‌. ഈ രണ്ടുവർഷവും രാജ്യത്ത് പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലെ അപകടങ്ങളുടെ പട്ടികയിൽ മലപ്പുറം 11ാമതാണ്‌.  
 
8 മാസം; 
235 മരണം
2021ൽ മലപ്പുറത്ത്‌ 2147 അപകടങ്ങളുണ്ടായതായാണ്‌ ജില്ലാ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌. 291 മരണം. 2384 പേർക്ക്‌ പരിക്ക്‌. കൊണ്ടോട്ടി പൊലീസ്‌ സ്‌റ്റേഷൻ പരിധയിലാണ്‌ കൂടുതൽ മരണം–- 28. 2022ൽ മരണനിരക്ക്‌ ഉയർന്നു–- 320. 2991 അപകടങ്ങൾ രജിസ്‌റ്റർചെയ്‌തപ്പോൾ 3499 പേർക്ക്‌ പരിക്കേറ്റു. 
ഈ വർഷം ആഗസ്‌തുവരെ 235 പേർ മരിച്ചു. ശരാശരി ദിവസം ഒരുമരണം. 2246 അപകടങ്ങളുണ്ടായി. 2662 പേർക്കാണ്‌ പരിക്കേറ്റത്‌. തിരൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽമാത്രം 28 പേർ മരിച്ചു. മഞ്ചേരി, തിരൂരങ്ങാടി എന്നിവ തൊട്ടടുത്തുണ്ട്‌. ജില്ലയിൽ കൂടുതൽ അപകടങ്ങൾ രജിസ്‌റ്റർചെയ്‌ത നഗരങ്ങളിൽ മഞ്ചേരിയും തിരൂരും കൊണ്ടോട്ടിയുമാണ്‌ മുന്നിൽ. 
ഈ വർഷം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ കൂടുതൽ മരണങ്ങളുണ്ടായത്‌. 36 പേർവീതം. കഴിഞ്ഞവർഷം ഡിസംബറിൽ 39 പേർ മരിച്ചു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top