നിലമ്പൂർ
സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂരിന്. മന്ത്രി ആർ ബിന്ദുവാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ തിരുവന്തപുരത്തുവച്ച് പുരസ്‌കാരം സമ്മാനിക്കും. നിലമ്പൂർ നഗരസഭയിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം പ്രതികരിച്ചു.
വയോജനങ്ങൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയത് പരിഗണിച്ചാണ് നിലമ്പൂർ നഗരസഭക്ക് പുരസ്‌കാരം ലഭിച്ചത്. പ്രായമായവരുടെ ശാരീരിക- മാനസിക പ്രയാസങ്ങൾ കുറക്കാനും ഉല്ലാസത്തിനുമായി വിവിധ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്. നഗരസഭയിലെ 33 ഡിവിഷനിലായി 85 വയോജന അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ അയൽക്കൂട്ടത്തിലും 20നും 30നുമിടയിൽ അംഗങ്ങളുണ്ട്. ഇവർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനവും നൽകി. അതിദാരിദ്ര്യ നിർമാർജനം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, തൊഴിൽ പരിശീലനം, ചികിത്സ, മരുന്ന് വിതരണം, വിനോദയാത്രകൾ, കലാ- കായിക പരിപാടികൾ, തുടർവിദ്യാഭ്യാസം തുടങ്ങിയ പരിപാടികളും അയൽക്കൂട്ടം സംഘടിപ്പിക്കുന്നു.
വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന പകൽവീടിന് 1200 ചതുരശ്ര അടിയിൽ 30 ലക്ഷം രൂപ ചെലവിട്ട് സ്വന്തം കെട്ടിടം നിർമിച്ചു. പി വി അൻവർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തി ഇരുനില കെട്ടിടമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..