09 December Saturday
കരിപ്പൂർ വിമാനത്താവള വികസനം

ഭൂമി ഏറ്റെടുത്തത് സർക്കാർ 
പ്രഖ്യാപിച്ച തുകനൽകി

സ്വന്തം ലേഖകൻUpdated: Tuesday Sep 26, 2023
 
 
കരിപ്പൂർ
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകൽ സംസ്ഥാന സർക്കാർ പൂർത്തിയാക്കുന്നത് ഭൂവുടമകൾക്ക് പദ്ധതി പ്രകാരം പ്രഖ്യാപിച്ച തുക നൽകി. പ്രത്യേക പാക്കേജ് പ്രകാരമുള്ള 10 ലക്ഷത്തിനുപുറമേ ഭൂവുടമകൾ ആവശ്യപ്പെട്ട നിയമപരമായ എല്ലാ നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം നിൽക്കുകയായിരുന്നു  പിണറായി സർക്കാർ.
സംസ്ഥാന സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടതോടെയാണ്‌ 80 ഭൂവുടമകളും സ്ഥലം വിട്ടുനൽകാൻ തയ്യാറായത്‌. ഏറ്റവും കൂടുതൽ നഷ്ടപരിഹാരം ലഭിക്കുക പള്ളിക്കൽ പഞ്ചായത്തിലെ ഭൂവുടമയ്‌ക്കാണ്. 8.37 കോടി രൂപ. സ്വന്തം വീടും ഒരേക്കറും വാടക ക്വാർട്ടേഴ്‌സുമാണ്‌ വിട്ടുനൽകിയത്‌. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ)യുടെ നീളം 90 മീറ്ററിൽനിന്ന് 240 ആയി വിപുലീകരിക്കാനാണ്‌ ഭൂമി ഏറ്റെടുക്കുന്നത്. 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. 
പള്ളിക്കൽ വില്ലേജിൽ കുമ്മിണിപ്പറമ്പ് റോഡിനു പടിഞ്ഞാറുവശത്ത് പള്ളിയും ഖബര്‍സ്ഥാനും ഒഴിവാക്കിയതോടെ ഏറ്റെടുക്കുന്നത്  14.5 ഏക്കറായി ചുരുങ്ങി. നെടിയിരുപ്പ്‌ വില്ലേജിൽ 24ഉം പള്ളിക്കലിൽ 12ഉം വീടുകളാണ്‌  ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. പള്ളിക്കലിൽ രണ്ട് ക്വാർട്ടേഴ്സും  മൂന്ന് കെട്ടിടങ്ങളുമുണ്ട്‌. 
പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തിനുമായി 70.2 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്ന കുമ്മിണ്ണിപ്പറമ്പ് കുറുപ്പംചാലിൽ രമണിയുടെയും ഭർതൃസഹോദര ഭാര്യ പിറുങ്ങയുടെയും കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചശേഷം നഷ്ടപരിഹാരം നൽകും. ഇവരുടെ മക്കളുടെ വീടുകളടക്കം നാല് വീടുകൾക്ക് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആശ്വാസധനവും അനുവദിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.
 
മലബാറിന്റെ പ്രതീക്ഷകൾ യാഥാർഥ്യമാക്കി: ഇ എൻ മോഹൻദാസ്‌
മലപ്പുറം
കരിപ്പൂർ വിമാനത്താവള വികസനത്തിന്‌ ഭൂമിയേറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കിയ സംസ്ഥാന സർക്കാർ മലബാറിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ്‌ അനുവദിച്ച്‌ ഭൂവുടമകളുടെ താൽപ്പര്യവും സർക്കാർ സംരക്ഷിച്ചു. ഭൂമി ലഭ്യമാകുന്നതോടെ, വിമാനത്താവളത്തിന്റെ വികസനം ഉടൻ യാഥാർഥ്യമാക്കി വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാഹചര്യമുണ്ടാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. 
സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ കാണിച്ച താൽപ്പര്യത്തെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്താണ്‌ നടപടികൾക്ക്‌ വേഗംകൂട്ടിയത്‌. ഭൂവുടമകളുടെ യോഗങ്ങളിൽ പങ്കെടുത്ത്‌ മന്ത്രി വി അബ്ദുറഹ്മാൻ അവരുടെ പ്രയാസങ്ങൾ കേട്ടു. ഓരോ തവണയും മന്ത്രിതന്നെ നേരിട്ടിടപെട്ട്‌ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഉദ്യോഗസ്ഥ സംവിധാനവും ഉണർന്നു പ്രവർത്തിച്ചു. ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാര വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിനായി സർക്കാർ ആവശ്യമായ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. 
ഇനി മലബാറിന്റെ ആകാശയാത്രയ്‌ക്ക്‌  ആവശ്യമായ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ വിമാനത്താവള അതോറിറ്റിയും തയ്യാറാകണം–- ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top