കരിപ്പൂർ
വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 5.46 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മൂന്നുകോടി രൂപ വിലവരുന്നതാണ് സ്വർണം. ആറ് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചും ഹാൻഡ് ബാഗിൽ ഒളിച്ചുവച്ചുമാണ് ഇവർ സ്വർണംകൊണ്ടുവന്നത്. സ്വർണംകൊണ്ടുവന്ന ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാനുള്ള കവർച്ചസംഘത്തിന്റെ ശ്രമം കസ്റ്റംസും പൊലീസും സിഐഎസ്എഫും ചേർന്ന് തടഞ്ഞു.
കോഴിക്കോട് കൊടുവള്ളി പറയാർക്കണ്ടിയിൽ മുഹമ്മദ് ബഷീർ (40), കക്കട്ടിൽ ഉണ്ടൻചാലിൽ ലിഗേഷ് (40), കോഴിക്കോട് ചേലക്കാട് സ്വദേശി കൊല്ലന്റവിട അസീസ് (45), മലപ്പുറം സ്വദേശികളായ സമീർ (34), അബ്ദുൾ ഷക്കീർ (34), കോഴിക്കോട് കൊടുവള്ളി സ്വദേശി കറുമ്പരക്കുഴിയിൽ മുഹമ്മദ് മജീദ് (21) എന്നിവരാണ് സ്വർണം കടത്തുന്നതിനിടെ പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനക്കുശേഷം പുറത്തെത്തിയ ലിഗേഷിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ദോഹയിൽനിന്നാണ് ലിഗേഷ് എത്തിയത്. കവർച്ചസംഘത്തിലെ ഓമശേരി കിഴക്കേപുനത്തിൽ ആസിഫിനെയും സ്വർണം കടത്തിയ ലിഗേഷിനെയും പൊലീസ് പിടികൂടി. കവർച്ചസംഘത്തിലെ നാലുപേർ ഓടി രക്ഷപ്പെട്ടു. ലിഗേഷിനെ പരിശോധിച്ചപ്പോൾ ശരീരത്തിനകത്ത് ഗുളികരൂപത്തിൽ ഒളിപ്പിച്ച 543 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു.
റിയാദിൽനിന്ന് എത്തിയ മുഹമ്മദ് ബഷീർ 619 ഗ്രാം സ്വർണവും ദോഹയിൽനിന്നെത്തിയ അസീസ് 970 ഗ്രാം സ്വർണവുമാണ് കൊണ്ടുവന്നത്. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശികളായ സമീറിൽനിന്ന് 1.277 കിലോഗ്രാം സ്വർണവും അബ്ദുൾ ഷക്കീറിൽനിന്ന് 1.066 കിലോഗ്രാം സ്വർണവുമാണ് പിടികൂടിയത്. മുഹമ്മദ് മജീദ് ബാഗേജിലുണ്ടായിരുന്ന ബെഡ്ഷീറ്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിദഗ്ധ പരിശോധനയിലൂടെ കണ്ടെടുക്കുകയായിരുന്നു.
സ്വർണക്കടത്തുകാരനും കവർച്ചസംഘവും തമ്മിൽ സംഘർഷം
കരിപ്പൂർ
വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരനും സ്വർണം കവർച്ചചെയ്യാനെത്തിയവരും തമ്മിൽ സംഘർഷം. നാടകീയ രംഗങ്ങൾക്കൊടുവിൽ സ്വർണക്കടത്തുകാരനും സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ ഒരാളും പൊലീസിന്റെ പിടിയിലായി.
കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തുകടന്ന കോഴിക്കോട്ക ക്കട്ടില്‍ ഉണ്ടൻചാലിൽ ലിഗേഷിനെയാണ് പൊലീസ് പിടികൂടിയത്. കവർച്ചസംഘത്തിലെ ഓമശേരി കിഴക്കേപുനത്തിൽ ആസിഫും പൊലീസിന്റെ പിടിയിലായി. സംഘത്തിലെ നാലുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കി.
ലിഗേഷ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ദോഹയിൽനിന്ന് കടത്തിയ സ്വർണം തട്ടിയെടുക്കാനാണ് അഞ്ചംഗസംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിനുപുറത്തുവച്ച് ലിഗേഷും കവർച്ചാസംഘവും തമ്മിൽ പിടിവലി നടന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..