19 April Friday

ശ്രദ്ധേയനായ നിയമസഭാ *സാമാജികൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്നു

തിരുവനന്തപുരം

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും തയ്യാറായി. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ സാമാജികനായിരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
നിയമസഭാ സാമാജികനായും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ മുൻപന്തിയിൽനിന്ന വ്യക്തിയെന്ന നിലയിലും ആര്യാടൻ ശ്രദ്ധേയനായിരുന്നുവെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്‌പീക്കർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കോൺഗ്രസ്‌ ആശയത്തെ ജീവിതാവസാനംവരെ കൊണ്ടുനടന്ന നേതാവായിരുന്നുവെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു. കാർക്കശ്യം നിറഞ്ഞ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവുമാണ് ആര്യാടനിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, ആന്റണി രാജു, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ  പി ശ്രീരാമകൃഷ്ണൻ,  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ, വി എം സുധീരൻ തുടങ്ങിയവരും അനുശോചിച്ചു.
യുഡിഎഫിലുള്ളപ്പോഴും ലീഗിനെതിരെ ശക്തമായ നിലപാട് അവസാന കാലംവരെ ആര്യാടൻ സ്വീകരിച്ചെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻപറഞ്ഞു. നിയമനിർമാണരംഗത്ത് അദ്ദേഹത്തിന്റെ പ്രവർത്തനം യുവതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
 
പി കെ കുഞ്ഞാലിക്കുട്ടി 
 അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതാണ്‌  ആര്യാടൻ  മുഹമ്മദിന്റെ  വിയോഗമെന്ന്‌ പ്രതിപക്ഷ ഉപ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി. കാര്യങ്ങൾ പഠിച്ച്‌ അവതരിപ്പിക്കാനും സൂക്ഷ്‌മമായി കൈകാര്യംചെയ്യാനും അദ്ദേഹത്തിന്‌  പ്രത്യേക കഴിവുണ്ടായിരുന്നു.  കേരള രാഷ്‌ട്രീയത്തിൽ ഒരു ആര്യാടൻഘട്ടം തന്നെയുണ്ടായിരുന്നു.  
 സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്‌ണദാസ്‌, ഐഎൻഎൽ  ജില്ലാ ജനറൽ സെക്രട്ടറി സി പി അബ്ദുൾ വഹാബ്, എൻസിപി  ജില്ലാ പ്രസിഡന്റ്  കെ പി രാമനാഥൻ, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷമീർ പയ്യനങ്ങാടി, യുഡിഎഫ്‌ ജില്ലാ കൺവീനർ അഷ്‌റഫ്‌ കോക്കൂർ,  കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി എന്നിവയും അനുശോചിച്ചു.
 
സാദിഖലി ശിഹാബ്‌ തങ്ങൾ 
ജനാധിപത്യ കേരളത്തിന്‌ കനത്ത നഷ്‌ടമാണ്‌ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദിന്റെ വിയോഗമെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന നായകനാണ്‌ അദ്ദേഹം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top