25 April Thursday
അനധികൃത കെട്ടിട നിര്‍മാണം

തിരൂര്‍ നഗരസഭയിൽ 
വിജിലൻസ് റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

വിജിലൻസ് സംഘം നഗരസഭാ ഓഫീസിൽ റെയ്ഡ് നടത്തുന്നു

 
തിരൂർ 
അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്. അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയ രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. തിരൂർ ഫോറിൻ മാർക്കറ്റിലും സംഘം പരിശോധന നടത്തി.
നഗരത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് സംബന്ധിച്ച് മലപ്പുറം വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്നാണ്  ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സിഐ യൂസഫിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പരിശോധന ഉച്ചവരെ നീണ്ടുനിന്നു. നഗരസഭാ പൊതുമരാമത്ത്, റവന്യൂ വിഭാഗങ്ങളില്‍ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി ശിവദാസ്, നഗരസഭാ എന്‍ജിനിയർ പത്മശ്രീയടക്കം നിരവധി ഉദ്യോഗസ്ഥരിൽ‌നിന്നും വിജിലൻസ് സംഘം മൊഴിയെടുത്തു.
തുടർന്ന് പകൽ രണ്ടോടെ വിജിലൻസ് സംഘം തിരൂർ ഗൾഫ് മാർക്കറ്റിൽ പരിശോധന നടത്തി. ഐ സ്മാർട്ട് എന്ന കെട്ടിടത്തിലാണ് ആദ്യം പരിശോധന നടത്തിയത്. കെട്ടിട നമ്പർ ഇല്ലാതെ ഈ കെട്ടിടത്തിലെ നിരവധി സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത് പരിശോധനയിൽ കണ്ടെത്തി. നിരവധി കെട്ടിടങ്ങൾ അനുമതിയില്ലാതെ നിർമിച്ചതായി കണ്ടെത്തിയതായും തുടർ അന്വേഷണം നടത്തുമെന്നും സിഐ യൂസഫ് പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന തിരൂർ നഗരസഭയിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് നിരവധി കെട്ടിടങ്ങൾ നിർമിക്കുന്നുണ്ട്. ഇതിന് പിന്നിൽ ലീഗ് നേതാക്കളടങ്ങിയ കോക്കസാണ് പ്രവർത്തിക്കുന്നതെന്നും എൽഡിഎഫും പ്രതിപക്ഷ കൗൺസിലർമാരും ആരോപിച്ചിരുന്നു. വൻ അഴിമതിയുടെയും ക്രമക്കേടിന്റെയും ഒരുഭാഗംമാത്രമാണ് വിജിലൻസ് പരിശോധനയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top