16 April Tuesday
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം

ഒന്നിച്ചുയരാം, പൊരുതാം

റഷീദ്‌ ആനപ്പുറംUpdated: Thursday May 26, 2022

എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് പതാക ഉയർത്തുന്നു / ഫോട്ടോ: കെ ഷെമീർ

പി ബിജു–- ധീരജ്‌ നഗർ 
(ഏലംകുളം ഇ എം എസ്‌ സമുച്ചയം) 
കേരളത്തിന്റെ മുന്നേറ്റത്തിന്‌ അടിത്തറയിട്ട യുഗപ്രഭാവന്റെ സ്‌മരണയിൽ  എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ  പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം. ധിഷണയുടെ പ്രകാശഗോപുരത്താൽ നാടിന്‌ വഴികാട്ടിയ ഇ എം എസിന്റെ ജന്മഗൃഹമായ ഏലംകുളം മനയ്‌ക്കരികെയുള്ള വേദിയിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. ഇനി രണ്ടുനാൾ കുന്തിപ്പുഴയുടെ ഓരത്തെ ഇ എം എസ്‌ സമുച്ചയത്തിൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ അമരക്കാരും പ്രവർത്തകരും ഒത്തുചേരും. സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ചർച്ചകൾ നിറയും. 
സാംസ്‌കാരിക ചിന്തകൻ പ്രൊഫ. രാം പുനിയാനി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ധീരരക്തസാക്ഷികളുടെ രണസ്‌മരണ തുടിക്കുന്ന അന്തരീക്ഷത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്‌ എംഎൽഎ ദീപശിഖ കൊളുത്തി. പ്രതിനിധി സമ്മേളനത്തിൽ വി എ വിനീഷ്‌ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി പി ശരത്‌പ്രസാദ്‌ രക്തസാക്ഷി പ്രമേയവും വൈസ്‌ പ്രസിഡന്റ്‌ കെ പി ഐശ്വര്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി മാരിയപ്പൻ, അന്തരിച്ച മുൻ സെക്രട്ടറി പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർ അഭിവാദ്യംചെയ്‌തു. രക്തസാക്ഷി അജയ്‌പ്രസാദിന്റെ അനുജത്തി ആര്യപ്രസാദ്‌ പങ്കെടുത്തു. സംഘാടക സമിതി രക്ഷാധികാരി ഇ എൻ മോഹൻദാസ്‌ സ്വാഗതം പറഞ്ഞു. 
സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ സംഘടനാ റിപ്പോർട്ടും  അവതരിപ്പിച്ചു. തുടർന്ന്‌ പൊതുചർച്ച ആരംഭിച്ചു.  വൈകിട്ട്‌ പൂർവകാല നേതൃസംഗമം മുൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു,  ജോയിന്റ്‌ സെക്രട്ടറിമാരായ ദീപ്‌സിത ജോയ്‌, ദിനിത്‌ ദിൻഡെ, സെക്രട്ടറിയറ്റ്‌ അംഗം നിധീഷ്‌ നാരായണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 453 പ്രതിനിധികളും 72 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിലുണ്ട്‌. 
 വി എ വിനീഷ്‌ (കൺവീനർ), സലീന സലാം, വൈഷ്‌ണവ്‌ മഹേന്ദ്രൻ, ജെഫിൻ സെബാസ്‌റ്റ്യൻ, സരോദ്‌ ചങ്ങാടത്ത്‌, ആര്യ പ്രസാദ്‌, ടി എ അശ്വിൻ എന്നിവരാണ്‌ പ്രസീഡിയം. ടി പി രഹ്‌ന സബീന (മിനുട്‌സ്‌), അമൽ സോഹൻ (ക്രഡൻഷ്യൽ), ആദർശ്‌ എം സജി (പ്രമേയം), കെ എം അരുൺ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി സബ്‌കമ്മിറ്റികളും രൂപീകരിച്ചു. 
അതുൽ നറുകരയുടെ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറി. 
 വ്യാഴം   പൊതുചർച്ചയും രക്തസാക്ഷി കുടുംബസംഗമവും. ചർച്ചയ്ക്കുള്ള മറുപടിക്കും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനുംശേഷം  വെള്ളിയാഴ്‌ച സമ്മേളനം സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top