25 April Thursday

സുസജ്ജം, 
ഐസൊലേഷന്‍ ബ്ലോക്കുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ഉദ്ഘാടനത്തിന് ഒരുങ്ങിയ ഓമാനൂർ ഐസൊലേഷന്‍ ബ്ലോക്ക്‌

മഞ്ചേരി
സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ജില്ലയിൽ നാല് ഐസൊലേഷൻ ബ്ലോക്കുകൾ യാഥാർഥ്യമായി. താനൂർ, തവനൂർ, ഓമാനൂർ, കരുവാരക്കുണ്ട് ആശുപത്രികളോടുചേർന്നാണ് 10 കിടക്കകൾവീതമുള്ള ബ്ലോക്കുകൾ സജ്ജമാക്കിയത്. ആർദ്രം മിഷൻ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്‌. പകർച്ചവ്യാധികളെ പ്രതിരോധിക്കാനും സുരക്ഷിത ചികിത്സ ഒരുക്കാനുമാണ് സിഎച്ച്‌സി, താലൂക്ക്, ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ഐസൊലേഷൻ ബ്ലോക്കുകൾ നിർമിച്ചത്. 
വളവന്നൂർ, പൊന്നാനി അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, പെരുവള്ളൂർ, മങ്കട, എടവണ്ണ, ചുങ്കത്തറ, നെടുവ സിഎച്ച്സികൾ എന്നിവടങ്ങളിൽ നിർമാണം പുരോഗമിക്കുകയാണ്‌. ഒരു ഐസൊലേഷൻ ബ്ലോക്ക് 2400 ചതുരശ്രയടി വിസ്തീർണത്തിലാണ്. പ്രീഫാബ് എൻജിനിയറിങ് സാങ്കേതികവിദ്യയാണ് (രൂപരേഖ അനുസരിച്ച് ഫാക്ടറിയിൽ നിർമിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുന്ന രീതി) ഉപയോഗിക്കുന്നത്. 10 കിടക്കകളുള്ള രോഗീ പരിചരണ മേഖല, കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോടുകൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസ്സിങ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണ സൗകര്യം എന്നിവയും ഒരുക്കും. 
കിടത്തി ചികിത്സക്ക് കൂടുതൽ സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ മൾട്ടിപർപ്പസ് ഹാളുകളും ഒരുങ്ങുന്നുണ്ട്. മലപ്പുറം മണ്ഡലത്തിൽ ആനക്കയം സിഎച്ച്സി, മഞ്ചേരിയിൽ -തൃക്കലങ്ങോട്, വേങ്ങര- എആർ നഗർ, പെരിന്തൽമണ്ണയിൽ- ആലിപ്പറമ്പ്, കോട്ടക്കലിൽ- വളാഞ്ചേരി എന്നിവിടങ്ങളിലാണ് ഹാളുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top