20 April Saturday

നയപ്രഖ്യാപനത്തിലുണ്ട്‌ 
നഞ്ചൻകോട്‌ പാതയും

സ്വന്തം ലേഖകൻUpdated: Thursday Jan 26, 2023

കേരളത്തെയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന പാതയ്ക്ക്‌ 3500 കോടി രൂപമുതൽ 5000 കോടി രൂപവരെ 
ചെലവ് വരും

നിലമ്പൂർ 
ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇടംനേടി നിലമ്പൂർ–-നഞ്ചൻകോട്‌ റെയിൽവേ പാത. കേരളത്തെയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന പാതയ്ക്ക്‌ 3500 കോടി രൂപമുതൽ 5000 കോടി രൂപവരെ ചെലവ് വരും. വിനോദസഞ്ചാര, കാർഷിക മേഖലയിലും ചരക്ക്‌ ഗതാഗതത്തിലും വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നതാണ്‌ പദ്ധതി.
തീവണ്ടി ചരിതം
1881ലാണ് നിലമ്പൂർ–-നഞ്ചൻകോട് പാതയെക്കുറിച്ച്‌ ആദ്യപഠനം നടക്കുന്നത്. 1920ൽ റെയിൽവേ ബോർഡിന്റെ ചീഫ് എൻജിനിയർ ജോൺ ഇസത്ത് എറണാകുളം ഷൊർണൂർ–-ബംഗളൂരു റെയിൽവേ പാത നിർദേശിച്ചു. 1927ൽ നിലമ്പൂർ–-ഷൊർണൂർ പാത പൂർത്തിയാക്കി. രണ്ടാംഘട്ടമായ നിലമ്പൂർ–-നഞ്ചൻകോട് പാത ലക്ഷ്യത്തിലെത്തിയില്ല. 236 കിലോമീറ്ററാണ് നഞ്ചൻകോട്–-വയനാട്–-നിലമ്പൂർ നിർദിഷ്ട പാത. നഞ്ചൻകോട് വ്യവസായ ന​ഗരത്തിൽനിന്ന് ചിക്കബർ​ഗി–-വള്ളുവാടി–-ബത്തേരി–-മീനങ്ങാടി–-കൽപ്പറ്റ–-മേപ്പാടി–- വെള്ളരിമല വഴി നിലമ്പൂരിലെത്തും. വനമേഖലകളിൽ തുരങ്കപാതയാണ് നിർദേശിച്ചത്. 2016 റെയിൽവേ ബജറ്റിൽ നഞ്ചൻ‌കോട് ബത്തേരി–-നിലമ്പൂർ പാതയ്ക്ക് അനുമതി ലഭിച്ചു. കേന്ദ്രവും കേരളവും തമ്മിൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് 2016 മെയ് അഞ്ചിന് 30 സംയുക്ത പദ്ധതികളിൽ നിലമ്പൂർ–-നഞ്ചൻകോട് പാതയും ഉൾപ്പെടുത്തി. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി, ദേശീയ കടുവ സംരക്ഷണ അതോറിറ്റി എന്നിവയുടെ അനുമതി ലഭിക്കണം. 
നേട്ടമേറെ
പാത യാഥാർഥ്യമായാൽ ഉത്തരേന്ത്യയിലേക്ക് ദൈർഘ്യംകുറഞ്ഞ ലൈനാവും. ഷൊർണൂരിൽനിന്ന്‌ ഡൽഹിയിലേക്ക്‌ കൊങ്കൺ വഴിയുള്ളതിനേക്കാൾ 388 കിലോമീറ്ററും വിജയവാഡവഴി ഡൽഹിയിലേക്കുള്ളതിനേക്കാൾ 139 കിലോമീറ്ററും ലാഭിക്കാം. മൈസൂരുവിലേക്ക്‌ സേലം, ബംഗളൂരു വഴിയുള്ളതിനേക്കാൾ 212 കിലോമീറ്റർ കുറവ്‌. മൈസൂരുവിലേക്ക്‌ സേലം, ബം​ഗളൂരു വഴി 612 കിലോമീറ്ററാണ്‌ ദൈർഘ്യം. ഷൊര്‍ണൂരിൽനിന്ന്‌ നിലമ്പൂർ, നഞ്ചൻകോട്‌ വഴി 400 കിലോമീറ്ററിൽ മൈസൂരുവിലെത്താം. മുംബൈയിലേക്ക്‌ സേലം, ബംഗളൂരു വഴിയുള്ളതിനേക്കാൾ 59 കിലോമീറ്റർ ലാഭം.
ബംഗളൂരു–-കൊച്ചി -വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലുകളിലേക്കുള്ള എളുപ്പമാർ​ഗവുമാകും. നഞ്ചൻകോട്‌ എഫ്‌സിഐ ഗോഡൗണുമായി ബന്ധിപ്പിക്കാനാകും.
ഗുരുവായൂർ, ശബരിമല, ഏർവാടി, മുത്തുപേട്ട, തിരുനെല്ലി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ചെലവ്‌ കുറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top