29 March Friday
ജില്ലാ സഹ. ബാങ്ക്

അനധികൃത നിയമനത്തിന്‌ *വീണ്ടും ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

മലപ്പുറം
യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്കിൽ പിഎസ്‌സിക്ക്‌ വിട്ട തസ്‌തികകളിൽ വീണ്ടും അനധികൃത നിയമനത്തിന്‌ നീക്കം. പരാതി ഉയർന്നതിനാൽ സഹകരണ വുകപ്പ്‌ ജോ. രജിസ്‌ട്രാർ തടഞ്ഞ നിയമനമാണ്‌ വീണ്ടും നടത്തുന്നത്‌. ലീഗ്‌ മുഖപത്രമായ ചന്ദ്രികയിൽ നൽകാതെ മംഗളം പത്രത്തിൽ  പരസ്യം നൽകിയാണ്‌ നിയമന നീക്കം.
ബാങ്ക്‌ ഹെഡ്‌ ഓഫീസിലും വിവിധ ശാഖകളിലുമായി പാർട്‌ ടൈം സ്വീപ്പർ തസ്‌തികയിൽ 22 പേരെ നിയമിക്കാനാണ്‌ നീക്കം.  ജില്ലാ ബാങ്കിലെ പ്യൂൺ തസ്തികയിൽ ആകെ ഒഴിവിന്റെ അഞ്ച്‌ ശതമാനംമാത്രമേ ബാങ്കിന്‌ നേരിട്ട്‌ നിയമിക്കാനാവൂ. ബാക്കി നിയമനങ്ങൾ പിഎസ്‌സിവഴിയാണ്‌. എന്നാൽ, 11 തസ്‌തികകളിൽ നേരിട്ടും 11 എണ്ണത്തിൽ സഹകരണ സംഘം ജീവനക്കാർക്കും നീക്കിവച്ചാണ്‌ നിയമന നീക്കം.
പ്യൂൺ തസ്‌തിക പിഎസ്‌സിക്ക്‌ വിടാതിരിക്കാൻ 2016–-ൽ 23 പാർട്‌ ടൈം സ്വീപ്പർമാരെ കൂട്ടത്തോടെ പ്യൂൺ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. ജില്ലാ സഹകരണ ജോ. രജിസ്ട്രാർ സ്ഥാനക്കയറ്റം റദ്ദാക്കി. ഇതിനെതിരെ ജീവനക്കാർ നൽകിയ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇവരുടെ  ശമ്പളം ഓഡിറ്റർ തടഞ്ഞുവച്ചിരിക്കുകയാണ്‌. ഇത്‌ നിലനിൽക്കെയാണ്‌ വീണ്ടും പാർട്‌ ടൈം സ്വീപ്പർമാർക്ക്‌ സ്ഥാനക്കയറ്റം നൽകി കൃത്രിമ ഒഴിവുകൾ സൃഷ്ടിച്ചത്‌. നിയമപരമായി സാധുതയില്ലെന്ന്‌ അറിഞ്ഞാണ്‌ ലക്ഷങ്ങൾ കോഴവാങ്ങിയുള്ള നിയമനം. 
നേരത്തെ ദീപിക പത്രത്തിൽ പരസ്യം നൽകിയാണ്‌ നിയമനത്തിന്‌ നീക്കംനടന്നത്‌. ‘ദേശാഭിമാനി’ വാർത്ത നൽകിയതോടെ ഡിവൈഎഫ്‌ഐ സമരരംഗത്തിറങ്ങി. തുടർന്ന്‌ സഹകരണ വകുപ്പ്‌ നിയമനം തടഞ്ഞു. അനധികൃത സ്ഥാനക്കയറ്റത്തിനെതിരെ സഹകരണവകുപ്പ്‌ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ നിയമനവുമായി ഭരണസമിതി വീണ്ടും രംഗത്തെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top