26 April Friday

കലിക്കറ്റിൽനിന്ന്‌ *വൻകരകൾ കടന്ന്‌...

ഒ വി സുരേഷ്‌Updated: Friday Nov 25, 2022

കലിക്കറ്റ്‌ സർവകലാശാല ഇന്റർനെറ്റ്‌ റേഡിയോയുടെ സ്റ്റുഡിയോയിൽനിന്ന്‌

 മലപ്പുറം

‘ഉണരാം നമുക്കൊന്നായ്‌ ചേരാം, അറിവിൻ പുതുതീരം തേടാം... ഇടനെഞ്ചിൻ ഈണം മൂളാം, ഉയരാം പറക്കാം പുതുവാനം കാണാം.... റേഡിയോ സിയു...’ കലിക്കറ്റ്‌ സർവകലാശാലയുടെ ഉള്ളിൽനിന്ന്‌ ആകാശം നിറഞ്ഞ്‌, വൻകരകൾ കടന്ന്‌ ഹൃദയംതൊടുന്ന ഈ വരികൾ ഒഴുകിത്തുടങ്ങിയിട്ട്‌ നൂറുദിവസം. കേരളത്തിലാദ്യമായി ഒരു സർവകലാശാലയുടെ ഇന്റർനെറ്റ്‌ റേഡിയോ യാഥാർഥ്യമായത്‌ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്‌. 
‘ആഗസ്‌ത്‌ 15ന്‌ രാവിലെ 9.30. അതൊരു അസുലഭ നിമിഷമായിരുന്നു. കുറേകാലത്തെ  കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി കലിക്കറ്റിന്റെ സ്വന്തം റേഡിയോയിലൂടെ ശബ്ദം ഉയർന്നുകേട്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത വികാരമായിരുന്നു. പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ പി സുജ സ്വാഗതം ചെയ്യാൻ വിളിച്ചപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു’–-  കലിക്കറ്റ്‌ സിയു എന്ന റേഡിയോയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുടെ ചുമതല വഹിക്കുന്ന അസി. പ്രൊഫസർ ഡോ. ശ്രീകല മുല്ലശേരിയുടെ വാക്കുകൾ. 
സർവകലാശാലയുടെ സൈറ്റിൽ കയറി റേഡിയോ ലിങ്ക്‌ ഓപ്പൺ ചെയ്‌തത്‌ വൈസ്‌ ചാൻസലർ പ്രൊഫ. എം കെ ജയരാജാണ്‌. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഉദ്‌ഘാടന പ്രഭാഷണമായിരുന്നു ആദ്യം. പിന്നീട്‌ കഥാകൃത്ത്‌ ടി പത്മനാഭൻ തന്റെ മായാമാളവ ഗൗളം എന്ന കഥ അവതരിപ്പിച്ച്‌ പരിപാടികളുടെ ഉദ്‌ഘാടനവും നിർവഹിച്ചു. 
ദിവസവും വൈകിട്ട്‌ 6.30ന്‌ സർവകലാശാല വാർത്തകളോടെയാണ്‌ തുടക്കം. അക്കാദമിക്‌ വിദഗ്‌ധരുമായുള്ള ടോക്‌ ഓൺ, ശാസ്‌ത്ര പരിപാടി, ജീവനക്കാർക്കും വിദ്യാർഥികൾക്കും പാട്ട് പാടാൻ അവസരമുള്ള ഗ്രാമഫോൺ, കഥാകൃത്തുക്കൾ സ്വന്തം കഥയവതരിപ്പിക്കുന്ന 1001 രാവുകൾ, സർവകലാശാലയിലെത്തുന്ന അതിഥികളുമായുള്ള അഭിമുഖം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുമായി റേഡിയോ ജോക്കിമാരുടെ ശബ്ദത്തിലൂടെ കലിക്കറ്റിന്റെ വിശേഷങ്ങൾ കടല്‍ കടക്കുകയാണ്‌. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയേകി മുദ്രാഗീതവും പുറത്തിറക്കി.  
വിവിധ രാജ്യങ്ങളിൽനിന്നായി എഴുപതിനായിരത്തിലേറെ പേർ റേഡിയോ കേൾക്കുന്നുണ്ട്‌. നൂറാം ദിവസത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ചമുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറുകയാണ്‌. ലൈവ്‌ പ്രോഗ്രാമുകളുമുണ്ടാകും. സർവകലാശാല ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ റേഡിയോ കേൾക്കാനുള്ള സംവിധാനവുമൊരുക്കും. നൂറാംദിനം വെള്ളിയാഴ്‌ച പകൽ 11.30ന്‌ സർവകലാശാലയിൽ ആഘോഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top