23 April Tuesday
കുടുംബശ്രീയിൽനിന്ന്‌ 43 ലക്ഷം തട്ടി

മുൻ ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022
മലപ്പുറം
കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന്‌ 2012-–-16 യുഡിഎഫ്‌ ഭരണകാലത്ത് 43.03 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ മലപ്പുറം പൊലീസിൽ പരാതി നൽകി. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ്‌ ഡയറക്ടറുടെ നിർദേശത്തെത്തുടർന്നാണിത്‌. അന്നത്തെ ജില്ലാ മിഷൻ കോ–- ഓർഡിനേറ്ററായിരുന്ന ഇപ്പോഴത്തെ പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഇസ്‌മയിൽ, അക്കൗണ്ട്‌ കൈകാര്യംചെയ്‌തിരുന്ന ഓഫീസ്‌ സെക്രട്ടേറിയൽ സ്‌റ്റാഫ്‌ പി സലിം, അസി. ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർമാരായിരുന്ന ഹഫീസ്‌ ഷാഹി, ഇ ഒ അബ്ദുൾ നാസർ, പി സജയ്‌, അബ്ദുൾ ബഷീർ എന്നിവർക്കെതിരെയാണ്‌ പരാതി.
 
തട്ടിപ്പ് പുറത്തെത്തിച്ചത്‌ ദേശാഭിമാനി 
കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്ക്‌ സബ്‌സിഡിയായി നൽകാനുള്ള ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്തത്‌ "ദേശാഭിമാനി'യാണ്‌ പുറത്തുകൊണ്ടുവന്നത്‌.  2017 ജൂലൈ 14, 15, 17 തീയതികളിലായി മുഴുവൻ വസ്‌തുതയും രേഖകൾ സഹിതം ദേശാഭിമാനി റിപ്പോർട്ടുചെയ്‌തു. ഇതേതുടർന്ന്‌ ലഭിച്ച പരാതിയിലാണ്‌ സംസ്ഥാന മിഷൻ അന്വേഷണം നടത്തിയത്‌.    
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ കുടുംബശ്രീ ജില്ലാ മിഷന്റെ പേരിൽ 2012 ജൂൺ ഏഴിന്‌ അക്കൗണ്ട്‌ തുടങ്ങിയിരുന്നു. ട്രഷറിയിൽ കുടുംബശ്രീ അക്കൗണ്ട്‌ നിലവിലുള്ളപ്പോഴായിരുന്നു ഇത്‌. 2010-നുമുമ്പ് വിവിധ സംഘങ്ങൾക്ക്‌ സബ്‌സിഡിയായി നൽകാനുള്ള തുക ഡിഡിയായി എടുത്തുവച്ചിരുന്നു. സംഘങ്ങൾ പ്രവർത്തിക്കാത്തതിനാൽ പലതും വിതരണംചെയ്തില്ല. ഇതാണ്‌ പിന്നീട്‌ മാറ്റിയെടുത്തത്‌. ഈ അക്കൗണ്ട്‌ 2016 ഏപ്രിൽ 21ന് ക്ലോസ് ചെയ്തിട്ടുണ്ട്. ഡിഡി റദ്ദാക്കിയാണ്‌ ചെക്ക്‌ വഴി തുക പിൻവലിച്ചത്‌. കംപ്യൂട്ടർ, ഹോം അപ്ലയൻസസ് സ്ഥാപനങ്ങളും വ്യക്തികളും ജില്ലാ മിഷൻ കോ-–-ഓർഡിനേറ്ററും തുക പിൻവലിച്ചു. 
 കുടുംബശ്രീയുടെ 2010 വരെയുള്ള കാലത്തെ വരവു-ചെലവ് കണക്കിൽ ഡിഡിയാക്കി മാറ്റിയ തുക ഉൾപ്പെട്ടിട്ടുണ്ട്. അന്ന് വിതരണംചെയ്യാത്ത ഡിഡികളുടെ വിവരവും രജിസ്റ്ററിലുണ്ട്. കണക്കിൽ ചെലവിനങ്ങളുടെ കൂട്ടത്തിൽ വന്നതിനാൽ ഇവ തുകയാക്കി പിൻവലിക്കുകയായിരുന്നു. ഇതിനുവേണ്ടിയാണ് ജില്ലാ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചതും. കുടുംബശ്രീയിലെ ചില ജീവനക്കാർക്ക്‌ അനധികൃതമായി വായ്‌പ നൽകിയും തുക ചെലവിട്ടു. ഇതിൽ ഒരാൾ തുക തിരിച്ചടച്ചത്‌ അടുത്ത ദിവസമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top