കരിപ്പൂർ
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കി സംസ്ഥാന സർക്കാർ. തടസ്സങ്ങളും എതിർപ്പുകളും നീക്കി, ഭുവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചാണ് മലബാറിന്റെ ആകാശയാത്ര തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകിയത്. എത്രയുംപെട്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ട ഭൂമി കൈമാറാനാകും.
മുഖ്യമന്ത്രിയുടെ
ഇടപെടൽ
കരിപ്പൂരിൽ മൂന്നുവർഷംമുമ്പ് നടന്ന വിമാനാപകടത്തെത്തുടർന്നാണ് റെസ (റൺവേ എൻഡ് സേഫ്‌റ്റി ഏരിയ) വിപുലീകരിക്കണമെന്ന് അപകടം അന്വേഷിച്ച വിദഗ്‌ധസമിതി നിർദേശിച്ചത്. ആവശ്യമായ ഭൂമി ഏറ്റെടുത്തുനൽകാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
പലതവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികളിൽനിന്ന് വീണ്ടും ഏറ്റെടുക്കുക പ്രയാസമായിരുന്നിട്ടും ആവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചുചേർത്തു. മന്ത്രി വി അബ്ദുറഹ്‌മാന് പ്രത്യേക ചുമതല നൽകി.
ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കരിപ്പൂരിൽ പ്രത്യേക ഓഫീസും തുറന്നു. മന്ത്രി പങ്കെടുത്ത് രണ്ട് മേഖലകളിലായി ഭൂവുടമകളുടെ യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിലെ ആവശ്യപ്രകാരമാണ് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്ന പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. കലക്ടറേറ്റിലും മന്ത്രി പങ്കെടുത്ത് യോഗങ്ങൾ ചേർന്നു.
സർക്കാരിന്റെ
നിശ്‌ചയദാർഢ്യം
ആഗസ്തിനുമുമ്പ് ഭൂമി ഏറ്റെടുത്ത് നൽകണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭീഷണിക്കുമുന്നിൽ തോറ്റുപോകാതെ നിശ്ചയദാർഢ്യത്തോടെയായിരുന്നു സർക്കാരിന്റെ നീക്കം. വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യത ഇല്ലാതാക്കി കരിപ്പൂരിനെ തകർക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ സർക്കാർ നടപടികൾക്ക് വേഗംകൂട്ടി. തിരുവനന്തപുരത്ത് മന്ത്രിയുടെയും പിന്നീട് ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം വീണ്ടും യോഗംചേർന്നു. ഭൂമി ഏറ്റെടുക്കലിനായുള്ള ഓഫീസ് രാത്രിയും പ്രവർത്തിച്ചു. മന്ത്രി വി അബ്ദുറഹ്മാന്റെയും ഉദ്യോഗസ്ഥരുടെയും പ്രയത്നം ഫലം കാണുകയായിരുന്നു. ഭൂവുടമകൾ ശനിയാഴ്ച ഒന്നിച്ചെത്തി ഉദ്യോഗസ്ഥർക്ക് രേഖകൾ കൈമാറിയതോടെ സ്ഥലമേറ്റെടുപ്പിന്റെ പ്രധാന ഘട്ടം പൂർത്തിയായി. റെസ വികസിപ്പിക്കാൻ 14.5 ഏക്കറാണ് ഏറ്റെടുത്തത്. ഇതിനായി 70 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചത്. 2022ലാണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. എന്നാൽ കേന്ദ്ര നിയമത്തിലെ ദീർഘമായ നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ കാരണമായി. പതിവുപോലെ യുഡിഎഫ് നേതൃത്വത്തിൽ പലതവണ സർവേയടക്കം തടസ്സപ്പെടുത്തി അനാവശ്യസമരങ്ങൾ അരങ്ങേറി. എന്നിട്ടും അതെല്ലാം നീക്കിയാണ് സർക്കാർ ലക്ഷ്യത്തിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..