തിരൂരങ്ങാടി പതിനാറുങ്ങലിലെ സഫദിന് 23 വയസ്സാണ്. ബൈക്ക് അപകടത്തിൽ പരിക്കേറ്റത് 21ാം വയസ്സിൽ. രണ്ടുവർഷത്തിനിടയിൽ ഈ ശരീരത്തിൽ ചെയ്‌തത് 18 ശസ്‌ത്രക്രിയ. പുറത്തും കാലിലുമെല്ലാം അതിന്റെ പാടുകൾ കാണാം. പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ജീവിതത്തോട് പൊരുതുകയാണ് ഈ യുവാവ്.
സഫദിന്റെ കണ്ണിൽ നിരാശയുടെ നിഴലില്ല. ഒരുദിവസം എഴുന്നേറ്റ് നടക്കാനാകുമെന്ന പ്രതീക്ഷയാണ് കരുത്ത്. മകനെ നെഞ്ചോടുചേർത്ത് കൂട്ടിരിക്കുന്നുണ്ട് ഉമ്മ ജമീല.
2021 ജൂലൈ 10ന് പകൽ രണ്ടരയോടെയാണ് സഫദിന്റെ ജീവിതം ഈ കിടക്കയിലാക്കിയ അപകടം. വീട്ടിൽനിന്ന് ഏറെയല്ലാതെ വലിയപാടം എന്ന സ്ഥലത്ത് എതിരെവന്ന കാർ സഫദിന്റെ ബൈക്കിലിടിക്കുകയായിരുന്നു. കാറിലുള്ളവർ പുറത്തിറങ്ങിയപ്പോൾ ബൈക്ക് മാത്രമേ കണ്ടുള്ളൂ. റോഡരികിലെ ഓവുചാലിൽനിന്ന് ഒരു കൈ ഉയർന്നപ്പോഴാണ് പരിക്കേറ്റയാളെ ശ്രദ്ധിച്ചത്. ആദ്യം തിരൂർ താലൂക്ക് ആശുപത്രിയിൽ, പിന്നെ കോട്ടക്കൽ മിംസിൽ, അവിടുന്ന് കോഴിക്കോട് മിംസിൽ. വലതു കാൽപ്പാദത്തിന്റെ ചലനശേഷി പോയിരുന്നു. മസിലും പോയി. പുറത്തുനിന്നും ഇടതുകാലിന്റെ തുടയിൽനിന്നും മാംസം എടുത്ത് കാലിൽ തുന്നിപ്പിടിപ്പിച്ചു. നീണ്ട ആശുപത്രിവാസം. ‘‘സർജറി കഴിഞ്ഞാൽ കുറേദിവസം വേദനയാണ്. ഇനിയും സർജറി വേണം. ഹെൽമെറ്റ് ഉണ്ടായിരുന്നോണ്ടാ എന്റെ മോനെ ജീവനോടെ കിട്ടിയത് ’’–- ജമീലയുടെ വാക്കുകളിൽ ആശ്വാസം. 47 ലക്ഷത്തോളം രൂപ ഇതിനകം ചെലവായതായി വർക്‌ഷോപ്പ് തൊഴിലാളിയായ ബാപ്പ അബ്ദുൾ സലാം പറഞ്ഞു.
ഇത് സഫദിന്റെമാത്രം സ്ഥിതിയല്ല, ഒരുനിമിഷംകൊണ്ട് ഇങ്ങനെ ഒതുങ്ങിയവരും ഒടുങ്ങിയവരും ഏറെ. സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടിയ ജില്ലകളിലൊന്നാണ് മലപ്പുറം.
(തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..