19 December Friday

ചങ്ങരംകുളം ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും നേർക്കുനേർ

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
ചങ്ങരംകുളം
ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കെ കോണ്‍ഗ്രസും മുസ്ലിംലീഗും നേര്‍ക്കുനേർ. ചതിച്ചത് കോണ്‍ഗ്രസാണെന്ന്‌ ലീഗ്‌ നേതാക്കൾ പറയുമ്പോൾ അവർ ചോദിച്ചുവാങ്ങിയതാണെന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. വര്‍ഷങ്ങളായി യൂഡിഎഫിന്റെ നിയന്ത്രണത്തിലൂള്ള ബാങ്കാണിത്. 
11 അംഗ ഭരണസമിതിയിൽ  ഏഴ്‌ കോൺഗ്രസും നാല്‌ ലീഗിനുമായിരുന്നു. 15 മാസം ലീഗിന്‌ പ്രസിഡന്റ്‌സ്ഥാനം എന്നായിരുന്നു ധാരണ. എന്നാല്‍ ഇത്തവണ രണ്ടുവര്‍ഷം പ്രസിഡന്റ് സ്ഥാനവും അഞ്ച് ഡയറക്ടര്‍ സ്ഥാനവും വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ആലങ്കോട് പഞ്ചായത്ത് ഭരണമുള്ളപ്പോഴായിരുന്നു യുഡിഎഫിലെ മുൻ ധാരണ. പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിനാണെങ്കില്‍ 15 മാസം ബാങ്ക് പ്രസിഡന്റ് സ്ഥാനവും നാല് ഡയറക്ടര്‍ സ്ഥാനവും ലീഗിന് എന്നിങ്ങനെയായിരുന്നു ധാരണ. എന്നാല്‍ പഞ്ചായത്ത് ഭരണമില്ലാത്തതിനാല്‍ മുന്‍ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനം നല്‍കാനാവില്ലെന്നും വേണമെങ്കില്‍ നാല് ഡയറക്ടര്‍ സ്ഥാനം നല്‍കാമെന്നും  കോണ്‍ഗ്രസ്‌ നിലപാടെടുത്തു. പ്രാദേശിക- ജില്ലാ നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. 
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ഇരുവിഭാഗവും മുന്നോട്ടുപോയി. പ്രസിഡന്റ് സ്ഥാനം വേണ്ടായെന്നും നാല് ഡയറക്ടര്‍ ബോര്‍ഡ് അംഗം മതിയെന്നും മുസ്ലിംലീഗ്‌ തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. പത്രിക പിൻവലിക്കാൻ ലീഗ്‌ തയ്യാറാകാതിരുന്നതിനാൽ ഇനി ചര്‍ച്ചക്കില്ലെന്ന്‌ പറഞ്ഞ് ആവശ്യം കോണ്‍ഗ്രസ് തള്ളി. 11 സീറ്റില്‍ രണ്ടെണ്ണത്തില്‍ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ഒമ്പത്‌ സീറ്റിലേക്ക്‌ 15 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top