16 August Tuesday

ആഹ്ലാദനിറവിൽ വെളിയങ്കോട്‌

സ്വന്തം ലേഖകന്‍Updated: Saturday Jun 25, 2022

വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജി​ന്റെ ശിലാഫലക അനാഛാദനം പി നന്ദകുമാർ എംഎൽഎ നിർവഹിക്കുന്നു

പൊന്നാനി
വെള്ളിയാഴ്‌ച വെളിയങ്കോടിന്‌ ആഹ്ലാദ ദിനമായിരുന്നു. വാദ്യമേളങ്ങളുടെയും വെടിമരുന്നിന്റെയും പ്രകമ്പനം ഒത്തുചേർന്ന ഉത്സവാന്തരീക്ഷത്തിൽ ജലമന്ത്രി റോഷി അഗസ്റ്റിൻ വെളിയങ്കോട്‌ ലോക്ക്‌ കം ബ്രിഡ്‌ജിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിച്ചു. പദ്ധതി പ്രദേശത്ത്‌ നടന്ന ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം ചെയ്‌തു.
      ഗതാഗത സൗകര്യത്തോടൊപ്പം വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർവരെയുള്ള ആറ് പഞ്ചായത്തിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭയിലെയും കുടിവെള്ളത്തിനും കാർഷിക മേഖലയ്‌ക്കും ഗുണകരമാവുന്നതാണ് പദ്ധതി. ലോക്ക് കം ബ്രിഡ്ജും അപ്രോച്ച് റോഡും ഉൾപ്പെടെ രണ്ട് ഘട്ടങ്ങളിലായി  43.97 കോടിയുടെ പദ്ധതിയാണ് പ്രദേശത്ത് നടപ്പാക്കുന്നത്. ഇതിൽ ടെൻഡർ നടപടികൾ പൂർത്തിയായ ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കൽ വർക്കുമായി  29.87 കോടിയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. അപ്രോച്ച് റോഡിനായി 14.1 കോടിയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. കാസർകോട് എംഎസ് ബിൽഡേഴ്സിനാണ് നിർമാണ ചുമതല.  നബാർഡിന്റെ 28.37 കോടിയും ബാക്കി സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുക. 
   കനോലി കനാൽ ദേശീയ ജലപാതയായതിനാൽ 30 മീറ്റർ മുന്നിൽകണ്ടുള്ള നിർമാണമാണ് നടത്തുക. നാലര മീറ്റർ വീതിയിൽ ഒറ്റവരി പാലമാണ് നിർമിക്കുന്നത്. 25 മീറ്ററാണ് നീളം. ഇൻലാന്റ് നാവിഗേഷൻ ഡയറക്ടർ അരുൺ കെ ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.  ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേൽ ഷംസു, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ കെ താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി അജയൻ, കെ സി ഷിഹാബ്, പഞ്ചായത്ത് അംഗങ്ങളായ സുമിത രതീഷ്, കെ എ ബക്കർ, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എൻ ബീന, രാഷ്ട്രീയ പാർടി പ്രതിനിധികളായ ടി എം സിദ്ദീഖ്, പി ടി അജയ് മോഹൻ, പി രാജൻ, ഷാനവാസ് വട്ടത്തൂർ, അലി എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ എൻ കെ ഹുസൈൻ സ്വാഗതം പറഞ്ഞു.

2024ഓടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കും: മന്ത്രി റോഷി അഗസ്‌റ്റിൻ
പൊന്നാനി
 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്   ജലമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പൊന്നാനി താലൂക്കിൽമാത്രം 550 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ  
നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക്ക് കം ബ്രിഡ്ജ്  യാഥാർഥ്യമാവുന്നതോടെ  കനോലി കനാലിന്റെ ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കും.  2400 ഹെക്ടർ കൃഷിഭൂമിയിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനുമാവും. 
പദ്ധതിയുടെ മൂന്നാം ഘട്ടമായി ചെറിയ വള്ളങ്ങൾക്ക് പോകാനായി ഡൈവേർട്ടിങ്‌ കനാൽ നിർമിക്കും.  ഏതു സമയവും ചെറിയ വള്ളങ്ങൾ കടന്നുപോകുന്നതിനാൽ ലോക്ക് തുറക്കേണ്ട സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ട് മുന്നിൽകണ്ടാണ് ബ്രിഡ്‌ജിനോട്‌  സമാന്തരമായി 100 മീറ്ററിലധികം നീളത്തിൽ  ഡൈവേർട്ടിങ് കനാൽ നിർമിക്കുന്നത്. ഇതിന്റെ സർവേ നടപടി പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top