29 March Friday

മുന്നേറ്റത്തിന്റെ പുതുകാഹളം

സി പ്രജോഷ്‌ കുമാർUpdated: Wednesday May 25, 2022

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാര്‍ഥിറാലിയുടെ മുന്‍നിര

അഭിമന്യുനഗർ 
(പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം)

വള്ളുവനാടിന്റെ  ‌ഹൃദയഭൂവിൽ  വിദ്യാർഥിമുന്നേറ്റത്തിന്റെ മഹാപ്രയാണം. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള  റാലി പോരാട്ടചരിത്രം തുടിക്കുന്ന പെരിന്തൽമണ്ണയെ ആവേശക്കടലാക്കി. കാലത്തിന്റെ മാറ്റത്തിന്‌ കരുത്തുപകർന്ന ശുഭ്രപതാകയേന്തി ആയിരക്കണക്കിന് വിദ്യാർഥികൾ നഗരവീഥി ഇളക്കിമറിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു.
ചൊവ്വ മഴ മാറിയ പകൽ പെരിന്തൽമണ്ണ വിദ്യാർഥി പ്രവാഹത്തിൽ അലിഞ്ഞു. ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ സമ്മേളന നഗരിയിലേക്ക്‌ പ്രവർത്തകർ ഒഴുകി. വൈകിട്ട് നാലിന് പാലക്കാട്‌ റോഡിൽ മനഴി സ്‌റ്റാൻഡ്‌ പരിസരം കേന്ദ്രീകരിച്ച്‌  റാലി ആരംഭിച്ചതോടെ നഗരം ശുഭ്രവർണമണിഞ്ഞു. ഏരിയാ കമ്മിറ്റിയുടെ ബാനറിനുകീഴിൽ അണിചേർന്ന പ്രവർത്തകർ ചിട്ടയായി ചുവടുവച്ചതോടെ നഗരം ആവേശക്കടലിരമ്പം തീർത്തു. സെയ്‌താലിയുടെയും മുഹമ്മദ്‌ മുസ്‌തഫയുടെയും രക്തസാക്ഷിത്വംകൊണ്ട്‌ ചുവന്ന വിപ്ലവഭൂമിക പുതിയ കാലത്തിന്റെ മഹാപ്രയാണത്തിൽ ജ്വലിച്ചു. ഇന്ത്യൻ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്തും സൗന്ദര്യവും പ്രകടിപ്പിച്ച റാലിക്ക്‌ വാദ്യമേളങ്ങൾ അകമ്പടിയായി. പടക്കംപൊട്ടിച്ചും മുദ്രാവാക്യംവിളിച്ചും മുന്നേറിയ റാലിക്ക്‌ റോഡിനിരുവശത്തും വിവിധ വർഗ ബഹുജന സംഘടനകൾ അഭിവാദ്യമർപ്പിച്ചു. 
വിദ്യാർഥികൾക്കൊപ്പം വൻ ജനാവലി ചേർന്നതോടെ പൊതുസമ്മേളന നഗരി നിറഞ്ഞു. ചടങ്ങിൽ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ അധ്യക്ഷനായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, പ്രസിഡന്റ്‌ വി പി സാനു, ജോയിന്റ്‌ സെക്രട്ടറി ദീപ്‌ഷിത ജോയി, സംസ്ഥാന സെക്രട്ടറി  കെ എം സച്ചിൻ ദേവ്‌, കേന്ദ്ര സെക്രട്ടറിയറ്റ് അം​ഗം നിധീഷ് നാരായണന്‍ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എ സക്കീർ സ്വാഗതവും ജില്ലാ സെക്രട്ടറി എം സജാദ്‌ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, പി പി വാസുദേവൻ, വി ശശികുമാർ, വി പി അനിൽ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്‌, സി എച്ച്‌ ആഷിഖ്‌, ഇ രാജേഷ്‌ എന്നിവർ പങ്കെടുത്തു. 
എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, വി പി ശരത്‌ പ്രസാദ്‌, ടി പി രഹ്‌ന സബീന, കെ പി ഐശ്വര്യ, ആദർശ്‌ എം സജി എന്നിവർ റാലിക്ക്‌ നേതൃത്വം നൽകി. 
 

പ്രതിനിധി സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

പെരിന്തൽമണ്ണ
എസ്എഫ്‌ഐ  34–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്‌ ബുധൻ തുടക്കമാകും.  ധീരജ്‌–-പി ബിജു നഗറിൽ (ഏലംകുളം ഇ എം എസ്‌ സമുച്ചയം) പ്രതിനിധി സമ്മേളനം രാവിലെ 9.30ന്‌‌ സാംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്‌ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും അടക്കം 537 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
ബുധൻ വൈകിട്ട്‌ ആറിന്‌ മുൻ സംസ്ഥാന ഭാരവാഹികളുടെ സംഗമം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. 
 വ്യാഴം വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഉദ്‌ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top