20 April Saturday

കുരുന്നുകളെ വരവേല്‍ക്കാൻ
വിദ്യാലയങ്ങള്‍ ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Wednesday May 25, 2022
 
മലപ്പുറം
സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ചമാത്രംശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങൾ. 1699  സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എസ് കുസുമം പറഞ്ഞു. വിദ്യാലയങ്ങളുടെ ഫിറ്റ്നസ്  ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന അധികാരികൾ  പരിശോധിച്ചുവരികയാണ്. ഫിറ്റ്നസ് ഇല്ലാത്ത ഒരു വിദ്യാലയത്തിലും ജൂണ് ഒന്നിന് അധ്യയനം ആരംഭിക്കില്ല. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിമാത്രമേ ക്ലാസുകൾ തുടങ്ങുകയുള്ളു. 
പൊലീസ് ക്ലിയറൻസ് ലഭിച്ചവരെമാത്രമേ സ്‌കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയമിക്കാവൂ. വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണംമാത്രമേ കുട്ടികൾക്ക് നൽകാവൂ. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. വിദ്യാലയത്തോട് ചേർന്ന് അപകടകരമായിനിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന്  പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. വിരമിച്ച അധ്യാപകർക്ക് പകരം പുതിയ അധ്യാപകരെ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം  കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേരുമെന്നാണ്‌ അഡ്‌മിഷനിൽനിന്നും വ്യക്തമാകുന്നത്. ഇത്തവണ ജില്ലയിലെ വിവിധ എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിലെ എസ്എസ്എൽസി ബാച്ചിലേക്ക് പുതുതായി 200ലധികം വിദ്യാർഥികളാണ് പ്രവേശനം നേടിയതെന്നും ഡിഡിഇ പറഞ്ഞു. 
 

പാഠപുസ്തകവും യൂണിഫോമും എത്തി

സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി പാഠപുസ്തകങ്ങൾ ജില്ലയിലെത്തി. മലപ്പുറം എംഎസ്‌പി ഹാൾ കേന്ദ്രീകരിച്ച് വിതരണം പുരോഗമിക്കുകയാണ്‌.  50 ശതമാനത്തോളം പാഠപുസ്തകങ്ങൾ വിതരണംചെയ്‌തു. സൗജന്യ യൂണിഫോം വിതരണവും നടക്കുന്നുണ്ട്. കൈത്തറി യൂണിഫോമാണ്‌ നൽകുന്നത്. ഇവയുടെ വിതരണം ജില്ലയിൽ പകുതിയിലധികം പൂർത്തിയായി. ജൂണ് ഒന്നിന് സ്‌കൂൾ തുറക്കുമ്പോഴേക്കും മുഴുവൻ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top