16 April Tuesday

നബാർഡ് വായ്‌പ നഷ്ടമാക്കിയത്‌ യുഡിഎഫ്‌ പിടിവാശി

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020
സ്വന്തം ലേഖകൻ 
മലപ്പുറം
സുഭിക്ഷ കേരളം പദ്ധതിയിലെ 1500 കോടി വായ്‌പ നഷ്ടമായതുകൂടാതെ നബാർഡിന്റെ കാർഷികവിള വായ്‌പയ്‌ക്ക്‌ ഒരു ശതമാനം അധിക പലിശ നൽകേണ്ട ഗതികേടും മലപ്പുറത്തെ കർഷകർക്കുണ്ടായത്‌ കേരള ബാങ്കിൽ ലയിക്കേണ്ടെന്ന യുഡിഎഫ്‌ പിടിവാശിമൂലം. വായ്‌പാ വിതരണത്തിന്‌ കേരള ബാങ്കിൽ അംഗങ്ങളായ പ്രാഥമിക സംഘങ്ങളെയാണ്‌ നബാർഡ്‌ തെരഞ്ഞെടുത്തത്‌.  
കൊറോണ  മഹാമാരിമൂലം പ്രതിസന്ധി നേരിടുന്ന ഗ്രാമീണ മേഖലയിൽ പ്രത്യേക സാമ്പത്തിക പാക്കേജായി സ്‌പെഷൽ ലിക്വിഡിറ്റി സൗകര്യത്തിൽ 1500 കോടി രൂപയാണ്‌ കേരളത്തിനായി നബാർഡ്‌ നീക്കിവച്ചത്‌.  300 കോടിരൂപ കാർഷിക പുനർ വായ്പയായാണ് ആദ്യഘട്ടത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) അനുവദിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഏപ്രിൽ 23ന് അയച്ച കത്തുപ്രകാരം 4.95 ശതമാനം നിരക്കിലാണ് ഈ പുനർ വായ്പ സംസ്ഥാന സഹകരണ ബാങ്കിന് അനുവദിക്കുന്നത്. നബാർഡ്  സംസ്ഥാന സഹകരണ ബാങ്കുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് പുതുതായി വായ്പ അനുവദിക്കുന്നതിനാണ്‌ ഇത് ഉപയുക്തമാക്കേണ്ടത്. ഇത്തരം റീഫൈനാൻസ് വായ്പകൾക്ക് സംസ്ഥാന സർക്കാരാണ് ഗ്യാരണ്ടി. ത്രിതല സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ വായ്പ മേഖല ദ്വിതല സംവിധാനമായി മാറുകയും റിസർവ് ബാങ്കിന്റെ അനുമതിയോടെ മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകൾ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്ക് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇടത്തട്ട് സംവിധാനമായ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുകവഴി കുറഞ്ഞ പലിശ നിരക്കിൽ കാർഷിക വായ്പ ലഭ്യമാവാനുള്ള സാഹചര്യം മലപ്പുറം ഒഴികെ  ജില്ലകളിലുണ്ടായി. എന്നാൽ സങ്കുചിത രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തി മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചു. സ്ഥാനമോഹം ഒന്നുകൊണ്ടുമാത്രം മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭൂരിപക്ഷമുള്ള യുഡിഎഫ് കാലഘട്ടത്തിന്റെ ആവശ്യത്തിൽനിന്നും പിൻമാറി. ഒടുവിൽ കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാനുള്ള ഓർഡിനൻസിനെതിരെ കോടതിയിൽ പോയി. ഇതും സ്ഥിതി വഷളാക്കി. 
ആനുകൂല്യങ്ങൾ കേരള ബാങ്കിൽ അംഗങ്ങളായ സംഘങ്ങൾക്ക്‌
മലപ്പുറം
നബാർഡിന്റെ പ്രത്യേക പാക്കേജ് പ്രകാരമുള്ള തുക ലഭ്യമാവുന്നത് കേരള ബാങ്കിനാണ്. കേരള ബാങ്കിൽ നിയമപ്രകാരം അംഗങ്ങളായത് മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങളാണ്. അംഗങ്ങൾ വഴിയേ നിയമപ്രകാരം കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ  ഹ്രസ്വകാല കാർഷിക വായ്പകൾ വിതരണംചെയ്യുന്നതിനും നബാർഡിന്റെ തന്നെ പലിശ സബ്‌സിഡി, സംസ്ഥാന സർക്കാരിന്റെ ഉത്തേജന പലിശ എന്നിവ കർഷകർക്ക് ലഭ്യമാക്കാനും സാധ്യമാവൂ. പലിശ ഇളവ് ആനുകൂല്യങ്ങൾവഴി നിലവിൽ  പലിശരഹിതമായാണ് കേരളത്തിൽ കാർഷിക വായ്പ വിതരണം ചെയ്തുവരുന്നത്. 
സംസ്ഥാനത്ത് നിയമപ്രകാരം നിലനിൽപ്പില്ലാത്ത ഒരു സംവിധാനമാണ് എന്നതിനാൽ  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വഴി നബാർഡ് പദ്ധതി നടപ്പാക്കുക അസാധ്യമാണ്. യുഡിഎഫിന്റെ പിടിവാശിമൂലംമാത്രമാണ്  ജില്ലയിൽ കർഷകർക്ക് കോവിഡ് കാല ദുരിതാശ്വാസ പദ്ധതി നഷ്ടമാവാൻ ഇടയാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top