23 April Tuesday

പാഠപുസ്‌തകമെത്തി; ഇനി സ്‌കൂളുകളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Mar 25, 2023

മലപ്പുറം സിവിൽ സ്‌റ്റേഷനിലെ ജില്ലാ പുസ്‌തക ഡിപ്പോയിൽ 
പാഠപുസ്‌തകങ്ങൾ തരംതിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ

മലപ്പുറം
വിദ്യാലയം തുറക്കുംമുമ്പ്‌ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാനുള്ള ഒരുക്കം തകൃതി. ജില്ലാ പുസ്‌തക ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച്‌ കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചുവയ്‌ക്കുന്ന ജോലിയിലാണ്‌ കുടുംബശ്രീ പ്രവർത്തകർ. തിങ്കളാഴ്‌ചയോടെ പുസ്‌തകങ്ങൾ സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ കുടുംബശ്രീതന്നെ എത്തിച്ചുതുടങ്ങും.   40 കുടുംബശ്രീ പ്രവർത്തകരാണ്‌ ഇവ തരംതിരിക്കുന്നത്‌. നോമ്പുകാലമായിട്ടും പുസ്‌തകങ്ങൾ കുട്ടികൾക്ക്‌ എത്തിക്കാനുള്ള പ്രവർത്തനത്തിൽ വ്യാപൃതരാണ്‌ അവർ. ജില്ലാ പുസ്‌തക ഡിപ്പോയിലെ സൂപ്പർവൈസർമാരായ രാഹുലും അജിത്ത്‌ പ്രസാദും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. ഉപജില്ല തിരിച്ചാണ്‌ സ്‌കൂളുകൾക്കാവശ്യമായ പുസ്‌തകങ്ങൾ കെട്ടുകളാക്കുന്നത്‌. അതത്‌ സ്‌കൂളുകളിലേക്കാവശ്യമായ പുസ്‌തകങ്ങളുടെ എണ്ണം നവംബറിൽ  ശേഖരിച്ചിരുന്നു. 
അധികം വേണ്ടിവരുന്നവ പിന്നീട്‌ നൽകും. പുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്‌ചയാണ്‌. ജില്ലാതല ഉദ്‌ഘാടനം തിങ്കളാഴ്‌ച രാവിലെ 10ന്‌ മലപ്പുറം സെന്റ്‌ ജെമ്മാസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. പൊതു വിദ്യാലയങ്ങളിൽ എട്ടാം ക്ലാസുവരെ പുസ്‌തകങ്ങൾ സൗജന്യമാണ്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുള്ള പുസ്‌തകങ്ങളുടെ തുക മാനേജ്‌മെന്റ്‌ മുൻകൂട്ടി അടയ്ക്കും.  
 ജില്ലയിൽ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്ഡഡ്‌ സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ വിദ്യാർഥികൾക്കായി 53,73,763 പുസ്‌തകങ്ങളാണ്‌ വേണ്ടത്‌. സർക്കാർ, എയ്ഡഡ്‌ സ്‌കൂളുകളിലേക്ക്‌ 49,68,939,  അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ 4,04,824 എന്നിങ്ങനെ. 
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പാഠപുസ്‌തകങ്ങൾ വിതരണംചെയ്യുന്ന ജില്ലയാണ്‌ മലപ്പുറം. വെള്ളിയാഴ്‌ചവരെ 13,15,624 പുസ്‌തകങ്ങൾ എത്തി. 323 സ്‌കൂൾ സൊസൈറ്റികൾവഴിയാണ്‌ പൊതു വിദ്യാലയങ്ങളിലെ പാഠപുസ്‌തക വിതരണം. കുടുംബശ്രീ ജില്ലാ മിഷനാണ്‌ ഇവ സൊസൈറ്റികളിൽ എത്തിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top