30 May Tuesday

പത്തേമാരികൾ ഓർമയിൽ; *കപ്പൽക്കാലത്തിലേക്ക്‌

പി എ സജീഷ്‌Updated: Saturday Mar 25, 2023

കപ്പൽ ടെർമിനൽ നിർമിക്കുന്ന പദ്ധതി പ്രദേശം മാരിടൈം ചെയർമാന്റെ നേതൃത്വത്തിൽ ബോട്ടിൽ സഞ്ചരിച്ച്‌ പരിശോധിക്കുന്നു

പൊന്നാനി 

പുരാതന വാണിജ്യ തുറമുഖ നഗരമെന്ന ഖ്യാതിയുണ്ടെങ്കിലും പത്തേമാരികൾ നിറഞ്ഞൊഴുകിയ പൊന്നാനി തീരത്ത് കപ്പലടുത്ത ഓർമയൊന്നും ഇവിടുത്തുകാർക്കില്ല. 1936–-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്‌ 294 മീറ്റർ വാർഫ്‌. കസ്റ്റംസ് പോർട്ട് നിലനിന്നിരുന്ന കാലത്ത് വിദേശ കപ്പൽ അടുപ്പിക്കാനാണ്‌ വാർഫ് നിർമിച്ചത്. എന്നിട്ടും കപ്പൽ എത്തിയില്ല. ഇന്നത് പോർട്ട് കൺസർവേറ്ററുടെ ഓഫീസാണ്. ബാക്കിഭാഗം ഫിഷിങ്‌ ഹാർബർ നിർമാണത്തിനായി നീക്കി. 140 ഏക്കറിലധികം ഭൂമി പോർട്ടിന്റെ അധീനതയിലുണ്ട്‌. എഴുപതുകൾവരെ പത്തേമാരിക്കാലമായിരുന്നു പൊന്നാനിയുടേത്. പത്തേമാരികൾ അരങ്ങൊഴിഞ്ഞതോടെ മത്സ്യബന്ധന തുറമുഖ നഗരമായി. 
 
മുറിച്ചത്‌ 4500 കാറ്റാടി *മരങ്ങൾ 
തീരദേശത്തെ ടൂറിസം പദ്ധതിയാക്കാനും മണ്ണൊലിപ്പ് തടയാനുമായി സോഷ്യൽ ഫോറസ്‌ട്രി വിഭാഗം നട്ടുവളർത്തിയ 4500 കാറ്റാടി മരങ്ങളാണ് കമ്പനി ആവശ്യപ്രകാരം മുറിച്ചുമാറ്റിയത്. ഇത്രയും മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തുറമുഖം എന്ന സ്വപ്നത്തെ ഓർത്ത് സഹകരിച്ചു. ലക്ഷങ്ങളാണ് സർക്കാരിന് ഇതുമൂലം നഷ്ടംവന്നത്. 
സർക്കാർ ഒഴിവാക്കിയതോടെ ഡെപ്പോസിറ്റ് തുക തിരികെ ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് കമ്പനി. ഒമ്പതു‌കോടിയാണ് ഗ്യാരണ്ടിയായി നൽകിയിരുന്നത്. 
 
സർക്കാരിന്റെ *ഉറപ്പ്‌
മലബാർ പോർട്‌സ് കമ്പനിയെ ഒഴിവാക്കിയെങ്കിലും തുറമുഖം യാഥാർഥ്യമാക്കുമെന്ന് സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും സർക്കാരും ഉറപ്പുനൽകി. മലബാർ പോർട്സുമായി കേസ് നിലനിൽക്കുന്നതിനാൽ കപ്പലടുപ്പിക്കുന്നത് ഹാർബർ ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. 
കഴിഞ്ഞ രണ്ട് ബജറ്റിലും ഇതിനായി തുകയും സർക്കാർ നീക്കിവച്ചു. പി നന്ദകുമാർ എംഎൽഎയുടെ ഇടപെടലിലാണ് പഴയ ജങ്കാർ ജെട്ടിക്കുസമീപം മൾട്ടിപർപ്പസ് കപ്പൽ ടെർമിനൽ യാഥാർഥ്യമാവാനൊരുങ്ങുന്നത്.
 
തുടക്കമിട്ടത്‌ വി എസ്‌ സർക്കാർ
വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌ പൊന്നാനിയിൽ വാണിജ്യ തുറമുഖം നിർമിക്കണമെന്ന ആശയത്തിന്റെ പിറവി. ഇതിനായി പദ്ധതി തയ്യാറാക്കി. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ ചെന്നൈ ആസ്ഥാനമായ മലബാർ പോർട്സ് എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ ചുമതല നൽകി. നിർമിച്ച്‌ 35 വർഷം കൈവശംവച്ച് തിരിച്ചേൽപ്പിക്കുന്ന കരാറോടെയായിരുന്നു ഇത്‌. 29 ഏക്കറിൽ ഇരുപതും കൈമാറി. ആയിരം കോടിയുടെ ബൃഹത് പദ്ധതിയാണ് മലബാർ പോർട്‌സ് തയ്യാറാക്കിയതെങ്കിലും 200 മീറ്ററിൽ കല്ലിടൽമാത്രമാണ് നടത്തിയത്. കമ്പനിയുടെ യോഗ്യത നോക്കാതെയാണ് കരാർ നൽകിയതെന്ന വിമർശം തുടക്കത്തിലേ ഉയർന്നിരുന്നു. കമ്പനിയെ മാറ്റണമെന്ന ആവശ്യത്തോട് യുഡിഎഫ് സർക്കാർ മുഖംതിരിച്ചു. പിന്നീട് 2016ൽ പിണറായി സർക്കാർ വിഷയത്തിലിടപെട്ടു. അന്നത്തെ പൊന്നാനി എംഎൽഎയും സ്‌പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ നിരന്തര ഇടപെടലിൽ പലതവണ കമ്പനി മേധാവികളുമായി ചർച്ചനടത്തിയെങ്കിലും നിർമാണംനടന്നില്ല. 2022 ഒക്ടോബറിൽ മലബാർ പോർട്സിനെ സർക്കാർ ഒഴിവാക്കി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top